നടി രശ്മിക മന്ദന്ന | ഫോട്ടോ: എ.എഫ്.പി
കന്നഡ സിനിമയിൽ തനിക്ക് വിലക്കേർപ്പെടുത്താൻ നിർമാതാക്കൾ തയ്യാറെടുക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് നടി രശ്മിക മന്ദന്ന. കഴിഞ്ഞദിവസം ഹൈദരാബാദിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോടായിരുന്നു നടിയുടെ പ്രതികരണം. കാന്താരയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കും അവർ മറുപടി പറഞ്ഞു.
യാതൊരു ദയയുമില്ലാതെ പരിഹസിച്ചവരോട് സ്നേഹം മാത്രമേയുള്ളൂ എന്ന് രശ്മിക പറഞ്ഞു. അതിനെക്കുറിച്ച് മറ്റെന്താണ് പറയേണ്ടതെന്ന് അറിയില്ല. അത് അവർക്ക് വിട്ടുകൊടുത്തിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
റിഷബ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കിറിക് പാർട്ടിയിലൂടെയാണ് രശ്മിക സിനിമയിലെത്തുന്നത്. ഈ ചിത്രത്തിലെ നായകനായ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് ശേഷം നടി കന്നഡ സിനിമയിൽ അഭിനയിക്കാതെ മറ്റുഭാഷകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇതിനേത്തുടർന്ന് രശ്മികയെ കന്നഡസിനിമയിൽ നിന്ന് നിർമാതാക്കൾ വിലക്കിയേക്കും എന്ന് വാർത്ത പരന്നിരുന്നു. എന്നാൽ നിലവിൽ ഒരു നിർമാതാവും തന്നെ വിലക്കിയിട്ടില്ലെന്നാണ് രശ്മിക പ്രതികരിച്ചത്.
സിനിമയിൽ ഒരവസരം നൽകിയ സംവിധായകനായ റിഷബിന്റെ പുതിയ ചിത്രമായ കാന്താര റിലീസിന്റെ ആദ്യദിനങ്ങളിൽ കാണാതിരുന്നത് രശ്മികയ്ക്കെതിരെ പ്രതിഷേധമുയരാനിടയാക്കിയിരുന്നു. ഇതിനോടും നടി പ്രതികരിച്ചു. സിനിമ ഇപ്പോഴാണ് കാണാൻ സാധിച്ചതെന്നും കണ്ടശേഷം അണിയറപ്രവർത്തകർക്ക് മെസേജ് അയച്ചിരുന്നു. അവർ സന്തോഷം പ്രകടിപ്പിച്ച് മറുപടി തന്നതായും അവർ ചൂണ്ടിക്കാട്ടി.
ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുന്നില്ല. ഞങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ക്യാമറ വെച്ചിട്ട് അത് മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആളുകൾ പറയുന്നതിനേക്കാൾ, പ്രൊഫഷണൽ ജീവിതത്തെക്കുറിച്ച് എന്താണ് സംസാരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. രശ്മിക കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ് ബൈ ആണ് രശ്മിക മന്ദന്ന അഭിനയിച്ച് ഈയിടെ പ്രദർശനത്തിനെത്തിയ ചിത്രം. വിജയ് നായകനായ വാരിസ് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. അല്ലു അർജുന്റെ പുഷ്പ 2-ലും രശ്മികയാണ് നായിക.
Content Highlights: actress rashmika mandanna responding to trolls, rashmika mandanna news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..