തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയാണ് രംഭ. വിവാഹത്തോടെ അഭിനയ ജീവിതത്തോട് രംഭ വിടപറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും കുടുംബത്തിലെ സന്തോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ രംഭ മറക്കാറില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുകയാണ് താരമിപ്പോള്‍. ഷിവിന്‍ എന്നാണ് രംഭയുടെ കുഞ്ഞിന്റെ പേര്. മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറഞ്ഞു. 

'അവന്റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്റെ അവസാന ശ്വാസം വരെ കുഞ്ഞുങ്ങളോടുള്ള എന്റെ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം വരെ ഞാന്‍ അവന്റെ സംരക്ഷകയാണ്'- രംഭ കൂട്ടിച്ചേര്‍ത്തു. 

അമേരിക്കയില്‍ ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭന്‍ ആണ് രംഭയുടെ ഭര്‍ത്താവ്. മക്കളായ ഏഴുവയസ്സുകാരി ലാന്യയും മൂന്നു വയസ്സുകാരി സാഷയും രംഭയ്ക്ക് കൂട്ടുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് രംഭ പങ്കുവയ്ച്ച സീമന്തത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

rambha

രംഭയും ഭര്‍ത്താവും വിവാഹമോചിതരാവുന്നുവെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ വിവാഹമോചന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്ന് നേരത്തെ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ രംഭ പറഞ്ഞു. ''വിവാഹം കഴിഞ്ഞ നടിമാര്‍ അഭിനയിക്കുമ്പോഴും ഭര്‍ത്താവിനൊപ്പമല്ലാതെ ഏതെങ്കിലും പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും ഇത്തരം ഗോസിപ്പുകള്‍ പതിവാണ്. സിനിമാക്കാരുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരുമുണ്ട്. എന്നാല്‍ എന്റെ വിവാഹമോചന വാര്‍ത്തകളില്‍ ഒരു കഴമ്പുമില്ല. എന്റെ സഹോദരന്റെ വിവാഹമോചനവും ആരൊക്കെയോ എന്റെ പേരില്‍ അവതരിപ്പിച്ചു.''- എന്നാണ് രംഭ പറഞ്ഞത്.

rambha