ജീഷ വിജയന്‍ മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രങ്ങളിലൊന്നായിരുന്നു ജൂണ്‍. വിജയ്ബാബു നിര്‍മ്മിച്ച് അഹമ്മദ് കബീര്‍ എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരിയിലാണ് റിലീസായത്. ജൂണിന്റെ വിജയങ്ങള്‍ക്കിടയില്‍ തന്നെ രജീഷ നായികയാവുന്ന പുതിയ ചിത്രം ഫൈനല്‍സിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിനിടെ പരിക്കേറ്റ താരം ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്ന രജീഷ ജൂണിന്റെ നൂറാം ദിനമായതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ പങ്കു വെക്കുകയാണ്.

'ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ മനസ് വേണ്ടാത്തയിടങ്ങളില്‍ കൂടി ചലിക്കും. ഈ ദിവസവും മോശമാകാന്‍ പോകുന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ഫോട്ടോയും വാര്‍ത്തയും കാണുന്നത്. ഞങ്ങളുടെയൊക്കെ ചെറിയൊരു സ്വപ്‌നമായ ജൂണ്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയിരിക്കുന്നു. കുറെ നാളായി കൊണ്ടു നടന്ന സ്വപ്‌നം സഫലമായത് നിങ്ങളില്‍ പലരും കാരണമാണ്. ജൂണിന് പറക്കാന്‍ ചിറകുകള്‍ നല്‍കിയവര്‍ക്ക് ഒരുപാട് നന്ദി.. ഭംഗിയുള്ള നല്ല കഥകള്‍ നമുക്ക് പറഞ്ഞുകൊണ്ടേയിരിക്കാം..' രജീഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഫൈനല്‍സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. കട്ടപ്പന നിര്‍മല്‍ സിറ്റിയിലായിരുന്നു ഷൂട്ടിങ്. സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലില്‍ പരിക്കേറ്റ രജിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കയാണ്. 

ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ചിത്രത്തില്‍ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം നല്‍കുന്നത്.

june

Content Highlights : actress Rajisha Vijayan instagram post, June malayalam movie