താരസംഘടനയായ 'അമ്മ'യിൽ പുരുഷാധിപത്യമുണ്ടെന്നു തോന്നിയിട്ടില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ജമേഷ് കോട്ടക്കലിനൊപ്പം ജമേഷ് ഷോയില്‍ പങ്കെടുക്കവെയാണ് പ്രയാഗ ഇക്കാര്യം പറഞ്ഞത്.

അമ്മ സംഘടനയിലെ മൂന്ന് മീറ്റിംഗുകളിലും അബുദാബിയിലെ സ്റ്റേജ് ഷോയ്ക്കും പങ്കെടുത്തിട്ടുണ്ട്. എന്തു പ്രശ്‌നമുണ്ടായാലും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആളുകളാണ് സംഘടനയിലുളളത്. സംഘടനായിലെ അംഗത്വത്തില്‍ ഞാന്‍ സന്തോഷവതിയാണ്. 

സിനിമയിലെ പുരുഷാധിപത്യ പ്രവണതയെക്കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും പ്രയാഗയെ കണ്ടില്ലെന്ന ചോദ്യത്തിന് താന്‍ പഠനത്തിരക്കുകളിലായിരുന്നുവെന്നും അതിനാല്‍ അത്തരം ചര്‍ച്ചകളിലൊന്നും എത്താന്‍ സാധിച്ചില്ലെന്നും പ്രയാഗ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കുന്ന തിരക്കില്‍ സിനിമയ്ക്കകത്തെ വിപ്ലവങ്ങളില്‍ പങ്കുചേരാന്‍ കഴിഞ്ഞില്ല. അത്തരം വിഷയങ്ങളില്‍ ഇനി ഇപ്പോള്‍ ഞാന്‍ ഇടപെടേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും.

പ്രയാഗ എവിടെയാണ് എന്ന ചോദ്യത്തിന് മറുപടിയായാണ് ബ്രദേഴ്‌സ് ഡേ എന്ന സിനിമ വന്നത്. അതെന്താണ് പ്രേക്ഷകര്‍ അങ്ങനെ ചോദിക്കാനായായത് എന്ന ചോദ്യത്തിനും പ്രയാഗ മറുപടി നല്‍കി. 'തമിഴ് ചിത്രം പിശാച് കഴിഞ്ഞ് അതു പുറത്തിറങ്ങാന്‍ എട്ട് മാസമെടുത്തു. അക്കാലത്ത് മറ്റു പ്രൊജക്ടുകള്‍ ഏറ്റെടുത്തില്ല. തമിഴില്‍ തുടക്കം കുറിക്കാന്‍ സാധിച്ചത് വളരെ സന്തോഷം തന്ന കാര്യമായിരുന്നുവെങ്കിലും എന്തുകൊണ്ട് എന്നെ തേടി ഒരു മലയാളചിത്രം വരുന്നില്ലെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. അക്കാലത്ത് പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ട് ഹിറ്റായി. സിനിമ ബോക്‌സ് ഓഫീസില്‍ അത്ര വിജയമായിരുന്നില്ലെങ്കിലും ഈ പാട്ട് ഹിറ്റായതോടെയാണ് എന്നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ബ്രേക്ക് തന്നത്. 

'പിന്നെ ഫുക്രി, ഒരേ മുഖം, രാംലീല. ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ പുതിയ നടി എന്ന ഇമേജ് കിട്ടി. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി സിനിമകളൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

എന്റെ അമ്മയ്ക്ക് സിനിമയില്‍ വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഞാനുണ്ടായപ്പോള്‍ അത് എന്നിലൂടെ സാധിക്കണമെന്നായി അമ്മയ്ക്ക്. സിനിമയ്‌ക്കൊപ്പം നൃത്തവും കൊണ്ടുപോകുന്നു.' പ്രയാഗ പറഞ്ഞു നിര്‍ത്തി.

Content Highlights : actress Prayaga Martin about amma association and her films interview jameshow