ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര വിവാഹിതയായി. നടന്‍ നവാബ് ഷായെയാണ് പൂജ വിവാഹം ചെയ്തിരിക്കുന്നത്. മുംബൈയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നും വിവാഹം ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കില്‍ പോലും ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത് വിവാഹ വാര്‍ത്തകള്‍ സത്യമാണെന്നാണ്. കൈകളില്‍ ചൂഢ അണിഞ്ഞുകൊണ്ടുള്ള പൂജയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

പഞ്ചാബി വധുക്കള്‍ വിവാഹസമയത്തും അതിന് ശേഷവും കൈകളില്‍ അണിയുന്ന ചുവന്ന വളകളാണ് ചൂഢ. കഴിഞ്ഞ ദിവസം നവാബ് പങ്കുവച്ച മറ്റൊരു ചിത്രവും ഈ വിവാഹമാണ് സൂചിപ്പിക്കുന്നത്. 

Pooja Batra

 

Pooja Batra

Pooja Batra

ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.  പൂജയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരിയിലാണ് ഡോക്ടറായ സോനു അലുവാലിയയെ പൂജ വിവാഹം ചെയ്യുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലൊസാഞ്ചല്‍സില്‍ താമസമാക്കിയിരുന്ന പൂജ 2011 ലാണ് വിവാഹമോചിതയാകുന്നത്. 

1997ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ 'മിറര്‍ ഗെയിം'എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്.

Content Highlights : Actress Pooja Batra Got Married With Actor Nawab Shah