ജീവിതത്തിൽ താൻ തരണം ചെയ്ത വലിയൊരു അപകടത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 2012ൽ താൻ നേരിട്ട കാർ അപകടത്തെക്കുറിച്ചും അതിന് ശേഷം തനിക്ക് സംഭവിച്ച തിരിച്ചറിവുകളെക്കുറിച്ചും പേളി തുറന്ന് പറയുന്നത്.

2012 ഡിസംബറിൽ വെളുപ്പിന് മൂന്ന് മണിക്കാണ് പേളിയുടെ കാർ അപകടത്തിൽ പെടുന്നത്. "ക്രിസ്മസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറിൽ ഓവർസ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ചെന്ന് ഇടിച്ചു. കാർ മുഴുവനും തകർന്നു പോയി. എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. 18 സ്റ്റിച്ചായിരുന്നു. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. മുഖം പോയെന്നാണ് അന്ന് കരുതിയത്. മൂന്ന് നാല് ദിവസം കഴിഞ്ഞാൽ ന്യൂഇയർ ആണ്. 2013 ൽ ന​ഗരത്തിലെ ഹോട്ടലിൽ ന്യൂ ഇയർ ഇവന്റ് നടക്കുമ്പോൾ തലയിലൊരു കെട്ടും കെട്ടി താൻ ആങ്കറിങ് ചെയ്‌തെന്നും പേളി പറയുന്നു.

ദേഹം മുഴുവൻ വേദനയായിരുന്നു തലയിലും മുഖത്തും സ്റ്റിച്ചുമുണ്ടായിരുന്നു. നാല് ദിവസം അച്ഛനും അമ്മയും നന്നായി സഹായിച്ചു.  അപകടം സംഭവിച്ച് കിടന്ന ആ നാല് ദിവസം കൊണ്ട് എനിക്കൊരു സത്യം മനസിലായി. സുഹൃത്തുക്കൾ എന്ന് പറഞ്ഞ്  കൊണ്ടുനടന്നിരുന്ന ഒരാളും അപകടത്തിന് ശേഷം തന്നെ സഹായിക്കാനോ തനിക്ക് ഒപ്പമോ ഉണ്ടായിരുന്നില്ല. താൻ അവർക്കൊപ്പം അടിച്ച് പൊളിക്കാൻ പോകുമ്പോൾ വിഷമിച്ച അച്ഛനും അമ്മയും മാത്രമായിരുന്നു കൂടെ ഉണ്ടായത്. 

സുഹൃത്തുക്കളായിരുന്നു എനിക്ക് ലഹരി. അവർ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന തോന്നലായിരുന്നു. എന്നാൽ അപകടത്തോടെ ഒരു കാര്യം മനസിലായി. എന്ത് നടന്നാലും നമ്മുടെ കുടുംബമാകും കൂടെയുണ്ടാവുക. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാൻ സമയമെടുത്ത് തന്നെ ഒഴിവാക്കി". പേളി പറയുന്നു.

തന്റെ മനോധൈര്യവും പോസറ്റീവ് ആയ ചിന്താ​ഗതിയും കാരണമാണ് അത്രയും വലിയ അപകടത്തിൽ നിന്നും പെട്ടെന്ന് രോ​ഗമുക്തി നേടിയതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ പേളി എന്നും പോസറ്റീവ് ആയി മാത്രം ചിന്തിക്കണമെന്നും ആരാധകരോട് ആവശ്യപ്പെടുന്നു.

content highlights : Actress Pearly Maaney about a car accident happened in her life, shares positive thoughts