നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പശ്ചിമ ബം​ഗാളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതികരിച്ച് പാർവതി തിരുവോത്ത്. എന്താണ് ബം​ഗാളിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് ചോദിച്ച താരം, അതിക്രമം അമർച്ച ചെയ്ത് നീതി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു.

"എന്താണ് ബം​ഗാളിൽ സംഭവിക്കുന്നത്, അധികാരം ലഭിക്കുന്നതിനോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്തങ്ങൾ എവിടെയാണ്? മനുഷ്യത്വരഹിതമായ പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാന്‍ സർക്കാരിന് ബാധ്യതയുണ്ട്?" മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും ടാ​ഗ് ചെയ്ത് പാർവതി ട്വീറ്റ് ചെയ്തു

ബോളിവുഡ് താരം സ്വര ഭാസ്കറും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. "ബംഗാളില്‍ "എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഈ അപരിഷ്‍കൃതവും സ്വബോധമില്ലാത്തതുമായ  പ്രവൃത്തി തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജീ, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിൽ പോലും", എന്നാണ് സ്വര ഭാസ്‍കറിന്‍റെ ട്വീറ്റ്.

വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ കുറഞ്ഞത് 12 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇത് ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 

ക്രമസമാധാനനില തകരാറിലാവുന്നതില്‍ പ്രധാനമന്ത്രി കടുത്ത ദുഃഖവും ആശങ്കയും പ്രകടിപ്പിച്ചതായി ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ട്വീറ്റ് ചെയ്തു. ''തീവെപ്പ്, കൊള്ള, കൊലപാതകം, അക്രമം, ഗുണ്ടായിസം നശീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരുന്നതില്‍ ഞാന്‍ ആശങ്ക പ്രകടിപ്പിക്കുന്നു." മുഖ്യമന്ത്രി മമത ബാനര്‍ജിയെ ടാഗുചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ ഗവര്‍ണര്‍ കുറിച്ചു.

content highlights : actress parvathy thiruvothu and swara bhaskar on bengal violence