സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്ന് പാര്‍വതി. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. താന്‍ നേരിട്ട ചില അനുഭവങ്ങള്‍ മുടിവച്ചിരിക്കുകയാണെന്നും ഒരിക്കല്‍ എല്ലാം പുറത്ത് വരുമെന്നും പാര്‍വതി പറഞ്ഞു. 

ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഡബ്ല്യൂ.സി.സി പോലുള്ള കൂട്ടായ്മകള്‍ സജീവം അല്ലാത്തതിനാല്‍ ഇതൊന്നും സംസാരിക്കേണ്ട എന്ന തീരുമാനിച്ചിരുന്നു. സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നും ഞാന്‍ കരുതി. ഡബ്ലൂ.സി.സി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളില്‍ നമുക്കൊന്നും ഇപ്പോള്‍ ചെയ്യാനാകില്ല. പക്ഷേ അത് പുറത്ത് വരണം. എന്തിനാണ് ഇതെല്ലാം നമ്മുടെ ശവക്കല്ലറയിലേക്ക് കൊണ്ടുപോകുന്നത്- പാര്‍വതി പറഞ്ഞു. 

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേയാണ് ഡബ്ലൂ.സി.സി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പാര്‍വതി വ്യക്തമാക്കി. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും പാര്‍വതി പറഞ്ഞു. തങ്ങള്‍ സംസാരിച്ചത് അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും അല്ലാതെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ അല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

'ആരെയും മോശമാക്കി കാണിക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നത്. അഭിനേതാക്കളെ മോശമാക്കി കാണിക്കാനും അല്ല. അവരുടെ പ്രതിഭയെ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. രാഷ്ടീയക്കാരെ നമ്മള്‍ വിമര്‍ശിക്കാറില്ലേ? ഒരു എം.എല്‍.എ അല്ലെങ്കില്‍ എം.പി, അവര്‍ കര്‍ത്തവ്യം ചെയ്യാതിരിക്കുകയാണെങ്കില്‍ നമ്മള്‍ ചോദ്യം ചെയ്യുകയില്ലേ? അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. 

എനിക്കും റിമയ്ക്കും രമ്യക്കും ഇതില്‍നിന്ന് എന്താണ് ലഭിക്കുന്നത്? ഞങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധ നേടാനാണ് സംസാരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. ഞാന്‍ സമീപകാലത്ത് ചെയ്ത അഞ്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി ഓടിയതാണ്. അതില്‍ കൂടുതല്‍ ശ്രദ്ധ എനിക്ക് വേണ്ട. എനിക്കു വേണമെങ്കില്‍ മിണ്ടാതിരുന്ന് സിനിമ ചെയ്തും ഒരുപാട് പരസ്യങ്ങളില്‍ അഭിനയിച്ചും പണം ഉണ്ടാക്കാമായിരുന്നു. പക്ഷേ ഞാന്‍ അതിന് തയ്യാറല്ല.  ഡബ്ലൂ.സി.സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. 

ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്'- പാര്‍വതി പറഞ്ഞു.