പ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് ക്രൂരമായി മർദിച്ചു എന്ന പരാതിയുമായി മിനിസ്ക്രീൻ താരം നളിനി നേഗി. പ്രീതി റാണ എന്ന പെൺകുട്ടിയും അമ്മയും ചേർന്ന് തന്നെ മർദിച്ചതായി മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് നളിനി പരാതി നല്‍കിയിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് നളിനി പറയുന്നതിങ്ങനെ. രണ്ടു വര്‍ഷം മുമ്പ് നളിനി നേഗിക്കൊപ്പം പ്രീതിയെന്ന പെണ്‍കുട്ടി താമസിച്ചിരുന്നു. പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്നു പറഞ്ഞ് രണ്ടു കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ വീണ്ടും നളിനിയുടെ അരികിലെത്തി. താമസിക്കാനൊരിടമില്ലെന്നും തത്കാലം നില്‍ക്കാനിടം തരണമെന്നും ആവശ്യപ്പെട്ടപ്പോള്‍ നളിനി സമ്മതിച്ചു. നളിനിക്കൊപ്പം പെൺകുട്ടി താമസം തുടങ്ങിയതിന് പുറകെ പെൺകുട്ടിയുടെ അമ്മയും അവർക്കൊപ്പം താമസം തുടങ്ങി. 

ഇതിനിടയിൽ നളിനിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. അവരെ എവിടെ താമസിപ്പിക്കുമെന്നറിയാതെ നളിനി കുഴങ്ങി. ഒടുവിൽ പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാൻ നളിനി നിർബന്ധിച്ചു. അവർ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല നളിനിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച്ച  ജിമ്മില്‍ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു. സുഹൃത്തിനൊപ്പം ജിമ്മില്‍ പോകാനൊരുങ്ങിയ നളിനിയെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു നിര്‍ത്തി ദേഷ്യപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയപ്പോള്‍ മോശം ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. തുടര്‍ന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു.

സംഭവിച്ചതിനെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാൻ ശ്രമിച്ച നളിനിയെ അവർ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതായും നളിനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അവർ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേർന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം.  നടിയുടെ മുഖത്ത് പരിക്കുകളുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.

Content Highlights : actress nalini negi complaints to police against her roommate for attacking her and causing injury