
-
ക്യാന്‍സറിനെ അതിജീവിച്ച നടി നഫീസ അലിക്ക് ലൂകോഡെര്മ എന്ന ത്വക് രോഗം. കൊറോണ വൈറസ് ലോക്ഡൗണില്‍ ഗോവയിലാണ് നടി ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പുതിയതായി കണ്ടെത്തിയ രോഗത്തെക്കുറിച്ച് നടി മനസ്സു തുറക്കുന്നത്.
കുറച്ചു മാസങ്ങള്‍ക്കുമുമ്പെ കീമോതെറാപ്പി നടക്കുമ്പോള്‍ കഴുത്തിലെ ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ കണ്ടിരുന്നുവെന്ന് നഫീസ വെളിപ്പെടുത്തുന്നു. കടല്ക്കരയിലെ വാസം കാരണമാണോ എന്നറിയില്ല. ഇപ്പോള്‍ അത് മുഖത്തേക്കും വ്യാപിച്ചിട്ടുണ്ട്. ജീവിതം എന്നാല്‍ അങ്ങനെയാണല്ലോ. നമ്മള് ചിലത് നേടും. ചിലത് നഷ്ടപ്പെടുത്തും. ലൂക്കോഡെര്‍മ എന്നാണ് ഈ അസുഖത്തിനു പേര്. വിറ്റിലീഗോ എന്ന ത്വക്രോഗത്തിന്റെ അതേ ലക്ഷണങ്ങളാണ് ഇതിനെന്നും നഫീസ പറയുന്നു. തുടക്കത്തില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന ചര്‍മ്മത്തിലെ നിറംമാറ്റം പതുക്കെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങും. രോഗലക്ഷണങ്ങളെക്കുറിച്ച് വലിയൊരു കുറിപ്പ് തന്നെ നഫീസ പങ്കുവെക്കുന്നുണ്ട്.
തുടരെ തുടരെ അസുഖങ്ങള്‍ വന്നു ഭവിച്ചിട്ടും നിശ്ചയദാര്‍ഢ്യം കൈവിടാതെ ജീവിതത്തെ പോസിറ്റീവായി മാത്രം കാണുന്ന നിങ്ങളെപ്പോലെയുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്നു പറഞ്ഞ് നിരവധി പേരാണ് നടിയുടെ പോസ്റ്റിനു ചുവടെ കമന്റ് ചെയ്തിരിക്കുന്നത്. ബാഹ്യസൗന്ദര്യം എത്ര കുറഞ്ഞാലും വിഷമിക്കേണ്ടെന്നും മനസ്സുകൊണ്ട് നഫീസ എന്നും സുന്ദരി തന്നെയെന്നും ആരാധകര്‍ പറയുന്നു.
മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നഫീസ അലി. മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അങ്ങനെയൊന്നും മറക്കാന്‍ സാധിക്കില്ല. 1976 ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷനല്‍ സെക്കന്‍ഡ് റണ്ണറപ്പായ നഫീസ അലി സിനിമാതാരം എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും പ്രശസ്തയാണ്. 2018 മുതല്‍ താന്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. രോഗത്തിന്റെ ഓരോ ഘട്ടവും നടി നിരന്തരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒടുവില്‍ നടി ക്യാന്‍സറിനെ അതിജീവിച്ചു.
Content Highlights : actress nafeesa ali diagnosed with leucoderma after battling cancer instagram post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..