ദിലീപ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം തുടങ്ങി. നടൻ ദിലീപ്, മുഖ്യപ്രതി പൾസർ സുനി (സുനിൽകുമാർ) എന്നിവരുൾപ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയിൽ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുെട സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവർ. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇൻസ്പെക്ടർ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു.
വനിതാ ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷിവിസ്താരം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിർവിസ്താരം നടക്കും. മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികൾ.
ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. ആദ്യഘട്ടവിസ്താരം ഏപ്രിൽ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും. കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമർപ്പിച്ചിട്ടുണ്ട്. 161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നടി കോടതിയിലേക്കെത്തിയത്. 10.55-ന് എട്ടാംപ്രതിയായ നടൻ ദിലീപും എത്തി. പൾസർ സുനി, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ എന്നിവരെ ജയിലിൽനിന്നാണ് കോടതിയിലെത്തിച്ചത്. രാവിലെ 11.15-ഒാടെ കോടതിനടപടി തുടങ്ങി. വൈകീട്ട് 4.30-നാണ് അവസാനിച്ചത്.
ദിലീപിനുവേണ്ടി 13 അഭിഭാഷകർ
കേസിൽ ദിലീപിനുവേണ്ടി കോടതിയിൽ ഹാജരായത് 13 അഭിഭാഷകർ. പത്തുപ്രതികൾക്കുവേണ്ടി ആകെ 31 അഭിഭാഷകർ കോടതിയിലെത്തി.
ഇരയ്ക്ക് സമാധാനപൂർണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയിൽ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ, അഭിഭാഷകൻ, പ്രതികൾ, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക.
ദൃശ്യങ്ങൾ ഇന്നു പരിശോധിച്ചേക്കും
നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.
Content Highlights: actress molestation case trial began
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..