കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഇരയാക്കപ്പെട്ട നടിക്കുനേരെ വീണ്ടും പ്രതിഭാഗത്തിന്റെ ആരോപണങ്ങള്‍. കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലെ പരാമര്‍ശങ്ങളാണ് ഇരയ്ക്കുനേരെയുള്ള ആരോപണങ്ങളായത്. വിടുതല്‍ ഹര്‍ജി വായിച്ച വിചാരണക്കോടതി വാദം അടച്ചിട്ട കോടതിമുറിയിലേക്കുമാറ്റി. ഹര്‍ജിയിലെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടുചെയ്യരുതെന്നും പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ അടച്ചിട്ട കോടതിയില്‍ ബുധനാഴ്ച വാദംതുടരും. കേസില്‍ പ്രതികള്‍ക്കുനേരെ കുറ്റംചുമത്തുന്നതിന് മുന്നോടിയായിനടന്ന വാദത്തിനിടെയാണ് ദിലീപ് പ്രതിപ്പട്ടികയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ദിലീപിന്റെ ക്വട്ടേഷന്‍പ്രകാരം മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ചോദ്യാവലി കോടതി ഫയലില്‍ സ്വീകരിച്ചു.

കേന്ദ്ര ഫൊറന്‍സിക് ലാബില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കും. ഇതിനായി ചോദ്യാവലി സംസ്ഥാന ഫൊറന്‍സിക് ലാബിന് കൈമാറി.

Content Highlights : actress molestation case dileep files discharge petition