പ്രിയപ്പെട്ട കൂട്ടുകാരി ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. 'ഹാപ്പി ബർത്ത്ഡേ ഡാർലിങ്' എന്ന ആശംസക്കൊപ്പം സൂപ്പർഹിറ്റ് ചിത്രമായ വന്ദനത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗ് കൂടി താരം ചേർത്തിരിക്കുന്നു, 'അയാം യുവർ ഗാഥാ ജാം' എന്ന്. ഗീതു മോഹൻദാസിനൊപ്പം ഇരിക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. മഞ്ജു വാര്യർ മാത്രമല്ല സിനിമാലോകത്തെ ഗീതു മോഹൻദാസിന്റെ സുഹൃത്തുക്കളായ സംയുക്ത വർമ്മ, ഭാവന, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തി. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളാണ് ഇവർ. അക്കാലം മുതലേ തുടങ്ങിയ സൗഹൃദം ഇപ്പോഴും മികച്ച രീതിയിൽ ഇവർ തുടരുന്നു.

1986ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു ഗീതു മോഹൻദാസിന്റെ സിനിമാപ്രവേശനം. തുടർന്ന് ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്ത് മലയാളസിനിമയിൽ സജീവമായി. രാപ്പകൽ, തെങ്കാശിപ്പട്ടണം, പകൽപ്പൂരം എന്നിവ ഗീതു മോഹൻദാസ് അഭിനയിച്ച ചില സിനിമകളാണ്. ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി. പിന്നീട് അഭിനയത്തിൽനിന്ന് ഒരു ഇടവേള എടുത്ത ഗീതു മോഹൻദാസ് തിരിച്ചെത്തിയത് ഒരു സംവിധായകയുടെ വേഷത്തിലാണ്. 'ലയേഴ്സ് ഡയസ്' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2019ൽ നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത 'മൂത്തോൻ' ഏറെ ശ്രദ്ധനേടിയ മറ്റൊരു ചിത്രമായിരുന്നു.

Content highlights :actress manju warrier wishes happy birthday for geethu mohandas in facebook