മംമ്ത മോഹൻദാസ്, അപകടത്തിൽപ്പെട്ട ബോട്ട് | PHOTO: MATHRUBHUMI
ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേർന്ന് വരുത്തിവച്ചതാണ് താനൂർ തൂവൽതീരം ബോട്ട് ദുരന്തമെന്ന് നടി മംമ്ത മോഹൻദാസ്. ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നടങ്കം ഈ ദുരന്തത്തിൽ മരണപ്പെട്ടു എന്നറിയുന്നത് സങ്കടകരമായ കാര്യമാണെന്നും മംമ്ത പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും നിഷ്കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേർന്ന് വരുത്തിവച്ച ദുരന്തമാണ് താനൂർ തൂവൽതീരം ദുരന്തമെന്ന് മംമ്ത കുറിച്ചു. തന്റെ ഹൃദയം ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണെന്നും അവരുടെ കുടുംബത്തിന് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു എന്നും നടി വ്യക്തമാക്കി.
ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവൻ ഒന്നായി ദുരന്തത്തിൽ പൊലിഞ്ഞു എന്നറിയുമ്പോൾ സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ബോട്ട് ഉടമ ഒളിവിലാണെന്നത് പരിഹാസ്യമാണ്. യാത്രക്കാരുമായി സഞ്ചരിക്കാനുള്ള ലെെസൻസ് ഈ ബോട്ടിനില്ലായിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും എന്റെ ആദരം. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും 'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ' എന്ന ചിന്തയിൽ കഴിയാനാണ് നമ്മുടെയൊക്കെ വിധിയെന്നും മംമ്ത കുറിച്ചു.
Content Highlights: actress mamtha mohandas on tanur boat accident malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..