കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരഫലം അട്ടിമറിച്ചെന്ന് നടി  മഹാലക്ഷ്മിയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച കലോത്സവത്തില്‍ കഥാപ്രസംഗത്തിലും കുച്ചിപ്പുഡിയിലും വിജയികളുടെ പട്ടികയില്‍ ഇല്ലാതിരുന്ന മഹാലക്ഷ്മിയ്ക്ക് ഈ രണ്ടിനകളിലും ഒന്നാം സ്ഥാനം ലഭിച്ചതാണ് സീരിയല്‍ നടിക്ക് വേണ്ടി മത്സരഫലം അട്ടിമറിച്ചുവെന്ന വിവാദത്തിന് വഴിവച്ചത്.
 
ഇപ്പോൾ ഈ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് മഹാലക്ഷ്മി. ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി അനുവാദമുള്ള അപ്പീല്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ പൊലിപ്പിക്കുന്നതിന് മുന്‍പേ മാധ്യമങ്ങള്‍ സത്യാവസ്ഥ മനസിലാക്കണമെന്നും താന്‍ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നും എന്തിനാണ്‌ മറ്റു കോളേജിലെ പെണ്‍കുട്ടികള്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ലെന്നും മഹാലക്ഷ്മി പറഞ്ഞു. എന്നാൽ, ഈ വീഡിയോ ഫെയ്സ്ബുക്കിൽ പേജിൽ നിന്ന് പിന്നീട് പിൻവലിച്ചു.

കലാകാരിയായ ഉഷ തെങ്ങിന്‍തൊടിയിലിനൊപ്പമാണ് മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയത്. മാധ്യമങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ അസംബന്ധങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയാണെന്ന് ഉഷ പറഞ്ഞു. എല്ലാവര്‍ക്കുമറിയാവുന്ന കലാകാരിയാണ് മഹാലക്ഷ്മി അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അവളെ വിളിച്ചു  വാസ്തവം ചോദിച്ചറിയാതെ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് ഉഷ ആരോപിച്ചു.

"കലാ കുടുംബത്തില്‍ നിന്നും വരുന്ന കുട്ടിയാണ് മഹാലക്ഷ്മി. അവളുടെ അച്ഛനും ചേട്ടനും മ്യൂസിക് ഡയറക്ടര്‍മാരാണ് അമ്മ പാട്ടു ടീച്ചറാണ്. ഇത്തരം ആരോപണമുയര്‍ന്നപ്പോള്‍ എന്താണ് ഇവിടെ നടന്നതെന്ന് നിങ്ങള്‍ക്ക് വിളിച്ചു ചോദിക്കാമായിരുന്നു. എല്ലാവരുമാറിയുന്ന ഇത്രയും പ്രതിഭയായ ഒരു കുട്ടിയെ താറടിച്ചു കാണിക്കാന്‍ ഉള്ള ശ്രമം മാത്രമാണിത്. ഏഴ് മത്സരത്തില്‍ അവള്‍ മാറ്റുരച്ചതാണ്. മത്സരങ്ങളില്‍ ഒരു സ്ഥാനവും ലഭിക്കാത്തവര്‍ക്ക് അപ്പീല്‍ വഴി രണ്ടും മൂന്നും സ്ഥാനം കിട്ടിയത് ആര്‍ക്കും പ്രശ്‌നമല്ല. മഹാലക്ഷ്മിക്ക് കലാതിലക പട്ടം കിട്ടിയിട്ട് വേണ്ട താരമാകാന്‍. അവള്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ പോലുള്ള പ്രതിഭകളിലൂടെ കൂടെ വിദേശത്തുള്‍പ്പടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്." ഉഷ പറഞ്ഞു. 

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ അവസാന വര്‍ഷ പി.ജി ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് മഹാലക്ഷ്മി. കേരള സര്‍വകലാശാലാ കലോത്സവത്തില്‍ ഏഴിനങ്ങളിലാണ് ഇത്തവണ മഹാലക്ഷ്മി പങ്കെടുത്തത്. അതില്‍ രണ്ടിനങ്ങളിലാണ് അപ്പീല്‍ നല്‍കിയത്. കുച്ചിപ്പുഡിയിലെ ആദ്യ ഫലം പ്രഖ്യാപിച്ചപ്പോള്‍ ക്രൈസ്റ്റ് നഗര്‍ കോളേജിലെ ദിവ്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം എന്നാല്‍ അപ്പീല്‍ മുഖേന മഹാലക്ഷ്മിയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ദിവ്യ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നിന്നും പുറത്താവുകയും ചെയ്തു. കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മെറിലിനെ പിന്തള്ളി അപ്പീല്‍ മുഖേന മഹാലക്ഷ്മി ഒന്നാമതെത്തുകയും ചെയ്തു, 

ഇതോടെ കലാതിലകപട്ടം ലഭിക്കാനായി മഹാലക്ഷ്മിക്ക് വേണ്ടി മത്സരഫലം തിരുത്തിയെന്നാരോപിച്ച് മറ്റ് വിദ്യാര്‍ഥികള്‍ രംഗത്ത് വരികയായിരുന്നു. സംഭവം വിവാദമായതോടെ കലാതിലകപട്ടം തിരുത്തി മാര്‍ ഇവാനിയോസിലെ തന്നെ രേഷ്മയെ കലാതിലകമായി തിരഞ്ഞെടുത്തു. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഹാലക്ഷ്മി. ഫീമെയ്ല്‍ ഉണ്ണികൃഷ്ണന്‍, ഏഴാം സൂര്യന്‍ എന്നീ സിനിമകളില്‍ നായികയായും  വേഷമിട്ടിട്ടുണ്ട്. 

Actress Mahalakshmi kerala university youth festival controversy