മീ ടൂ  ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. സിനിമാ പി.ആര്‍.ഒ ആയ നിഖില്‍ മുരുകനെതിരേയാണ് ലക്ഷ്മിയുടെ ആരോപണം. 

നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചുവെന്നും എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല എന്നും ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും എന്റെ സങ്കടം ചിരിയില്‍ പൊതിഞ്ഞ് ഞാന്‍ നിന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുന്‍പ് ഞാന്‍ നൂറ് വട്ടം ആലോചിച്ചു. അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്ത് സംഭവിച്ചാലും ഞാന്‍ നേരിടാന്‍ തയ്യാറാണ്.

അയാള്‍ എന്നേക്കാള്‍ പത്ത് വയസ്സ് മുതിര്‍ന്ന ഒരാളാണ്. അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ- ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ നിഖില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു.

'അറിയാതെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുകയാണ്. ലിഗംഭേദമില്ലാതെ സിനിമയിലെത്തുന്ന പുതു തലമുറയ്ക്ക് അവരുടെ കഴിവിനൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്നതില്‍ ശ്രദ്ധിക്കും'- നിഖില്‍ പറഞ്ഞു.