lakshmi krishnamurthiചെന്നൈ: മുതിര്‍ന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി(90) അന്തരിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടത്തി.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു ലക്ഷ്മിചേച്ചി എന്നു സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി. സിനിമയിലെത്തും മുമ്പ് വാര്‍ത്താവായനയിലും പ്രതിഭ തെളിയിച്ചിട്ടുള്ള അവര്‍ മലയാളത്തിലെ ആദ്യ ന്യൂസ് റീഡറായിരുന്നുവെന്നു. ആകാശവാണിയില്‍ നിന്നാണ് സിനിമാരംഗത്തെത്തിയത്. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നിയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

പിന്നീട് ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം, പട്ടാഭിഷേകം, പൊന്തന്‍മാട, സാഗരം സാക്ഷി, വിഷ്ണു, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിംഗ്, സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ്,  മണിരത്‌നം ചിത്രം കന്നത്തില്‍ മുത്തമിട്ടാല്‍, കന്നട ചിത്രം സംസ്‌കാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇരുപതോളം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകം, കഥകളി, നൃത്തം തുടങ്ങി കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ലക്ഷ്മി ചേച്ചിയും നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളില്‍ ഡബ്ബിംഗ് കലാകാരിയായും പ്രവര്‍ത്തിച്ചു. 

എം. ടി സംവിധാനം ചെയ്ത ഒരു ചെറു പുഞ്ചിരിയിലെ നായികയും സെന്‍സര്‍ബോര്‍ഡ് മുന്‍അംഗവുമായ നിര്‍മലാ ശ്രീനിവാസന്‍ സഹോദരിയാണ്. 

ആകാശവാണി ഉദ്യോഗസ്ഥനായ മൈസൂരു സ്വദേശി പരേതനായ കൃഷ്ണമൂര്‍ത്തിയാണ് ഭര്‍ത്താവ്. മക്കള്‍: സന്ധ്യ, അരുണ്‍ കൃഷ്ണമൂര്‍ത്തി. മരുമക്കള്‍ : പോള്‍ വില്‍സണ്‍, ആമി തക്കര്‍. മക്കളിരുവരും യു എസിലാണ്‌.

ഈ പുഴയും കടന്ന്, ഉദ്യാനപാലകന്‍ എന്നീ രണ്ടു ചിത്രങ്ങളിലെയും കഥാപാത്രങ്ങളിലൂടെയാണ് ലക്ഷ്മി ചേച്ചിയെ സിനിമാലോകത്തിന് ഏറെ പരിചയം. 1996ല്‍ കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ ഗോപി സ്വയം പരിചയപ്പെടുത്തുന്ന രംഗത്തിലെ നര്‍മം ചാലിച്ച മുഹൂര്‍ത്തങ്ങള്‍ സിനിമാപ്രേമികളുടെ മനസില്‍ നിന്നും മായാത്ത ഓര്‍മ്മകളാണ്. എന്‍ എഫ് വര്‍ഗീസ് ചെയ്ത കഥാപാത്രമായ സുകുമാരന്റെ അനിയനാണ് ഗോപി. പേര് വിളിക്കുന്നതിനു പകരം ഗോപിയെ എപ്പോള്‍ കാണുമ്പോഴും 'സുകുമാരന്റെ അനിയ' എന്നാണ് സിനിമയില്‍ മുത്തശ്ശിയായെത്തുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി അഭിസംബോധന ചെയ്യുന്നത്.