ഖത്തര്‍ അമീറിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പു പറഞ്ഞ് ഖുശ്ബു.
രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങള്‍ക്കായി ഈയിടെ ലണ്ടനില്‍ പോയിരുന്നു. അവിടെ ഷോപ്പിങ്ങിനിടയില്‍ ഒരു കടയില്‍ വച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബു ആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരുന്നു.
'നോക്കൂ.. ഞാന്‍ ലണ്ടനിലെ ഓക്സ്ഫോര്‍ഡ് തെരുവിലെ സുവനീര്‍ ഷോപ്പില്‍ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനി..' ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീര്‍ ഷോപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്ന മൊബൈല്‍ഫോണ്‍ കവറുകളിലൊന്നിന് പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
എന്നാല്‍ അത് രജനിയല്ലെന്നും ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണെന്നും ഒരു ആരാധകന് റീട്വീറ്റ് ചെയ്തു. 'ഖുശ്ബു മാഡം.. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ.. ഇത് ഖത്തര്‍ അമീര്‍ ആയ തമീം ബിന്‍ ഹമദ് ആണ്. തമീം യുവര്‍ ഗ്ലോറി എന്നാണ് അറബിയില്‍ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവില്‍ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീര്ക്കുന്നതില് പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം. യഥര്‍ഥ രാജാവ്.. ഇവിടെ കഴിഞ്ഞ 12 വര്‍ഷമായി തുടരുന്നതില്‍ നിറഞ്ഞ അഭിമാനം..' ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്.
അയാള്‍ പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് ഖുശ്ബു ഉടന്‍ മറുപടി നല്കി. 'എന്നെ തിരുത്തിയതിന് നന്ദി.. ആളു മാറിപ്പോയതിന് ക്ഷമ ചോദിക്കുന്നു. ഇങ്ങനെയുള്ള തലമുടി കണ്ടാല്‍ തമിഴരായ നമ്മളില്‍ പലര്‍ക്കും അത് സൂപ്പര്‍സ്റ്റാറാണ്. ആ കടയിലെ ആളും അദ്ദേഹമാണെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം എന്നെ കളിയാക്കിയതായിരുന്നിരിക്കാം. ഓക്കെ.. അപ്പോള്‍ അത് നമ്മുടെ സൂപ്പര്‍സ്റ്റാറല്ല.. താങ്ക്യൂ.. എന്റെ നല്ല സുഹൃത്തുക്കളെ.. ഒരുപാട് നന്ദി.. എനിക്കെന്റെ തെറ്റ് മനസ്സിലാക്കിത്തന്ന് എന്നെ തിരുത്തിയതിന്..ഇനിയും വളരാനുണ്ടെന്ന തിരിച്ചറിവാണ് തെറ്റ് മനസ്സിലാക്കി തിരുത്തുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്..മനുഷ്യര്‍ അങ്ങനെയല്ലേ.. മനുഷ്യരാശിയേ അങ്ങനെയല്ലേ...'
Content Highlights : actress Khushboo Sundar apologizes for mistaking Arab King as superstar Rajinikanth