തെന്നിന്ത്യൻ നടി കീർത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. കീർത്തി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

"എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വളരെ നിസാര ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സുരക്ഷാ നടപടികളും എടുക്കുകയും ചെയ്തിരുന്നു. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മപ്പെടുത്തലാണ്.

എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോൾ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവർ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക.

നിങ്ങളിതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങൾ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും. ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു." കീർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാജ്യത്ത് കോവിഡ് മൂന്നാം തരം​ഗം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിമാരായ ശോഭന, തൃഷ, ഖുശ്ബു, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക ലത മങ്കേഷ്കർ എന്നിവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

Content Highlights : Actress Keerthy Suresh tested positive for covid 19