ചേര്‍ത്തല: 'എന്നെപ്പോലെ ഭാഗ്യവതിയായി ആരും ഉണ്ടാകില്ല. വീണ്ടും അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. അഭിനയം എന്റെ ചോരയില്‍ അലിഞ്ഞതാണ്. മരിക്കുന്നതുവരെ അത് തുടരും'.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം എണ്‍പത്തിയാറാം വയസ്സില്‍ തേടിയെത്തിയപ്പോള്‍ കാഞ്ചന പറഞ്ഞു. അന്ന് പറഞ്ഞതുപോലെ ഇപ്പോള്‍ സംഭവിച്ചു. അവസാന സിനിമ വിജയ് സൂപ്പറും പൗര്‍ണമിയും സൂപ്പര്‍ ഹിറ്റായി ഓടിത്തകര്‍ക്കുമ്പോള്‍ കാഞ്ചന മാഞ്ഞു, അഭ്രപാളിയില്‍നിന്ന്.

പുന്നശ്ശേരി കാഞ്ചന അഭിനയരംഗത്തേക്ക് കടന്നുവന്നത് പന്ത്രണ്ടാം വയസ്സില്‍. മരണംവരെ അഭിനയിക്കണമെന്നതായിരുന്നു പണ്ടേയുള്ള ആഗ്രഹം. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആവേശവും ജന്മനാ ലഭിച്ച കലാപരമായ കഴിവുകളും ചേര്‍ന്നപ്പോള്‍ കാഞ്ചന ചുവന്ന താരമായി. വയലാറില്‍ കമ്യൂണിസ്റ്റുകള്‍ രൂപവത്കരിച്ച നാടകത്തില്‍ ബാലനടിയായിട്ടായിരുന്നു തുടക്കം. 200-ല്‍ അധികം നാടകങ്ങളില്‍ വേഷമിട്ടു. ഇതിനിടെ കാഥികയായും തിളങ്ങി. ഒടുവില്‍ സിനിമയിലേക്ക്. ഉമ്മ, ഉണ്ണിയാര്‍ച്ച, തസ്‌കരവീരന്‍, ശ്രീകൃഷ്ണ ലീല, സ്‌നാപകയോഹന്നാന്‍, തുമ്പോലാര്‍ച്ച... സിനിമകള്‍ ഒട്ടേറെ. നസീര്‍, സത്യന്‍, കൊട്ടാരക്കര, തിക്കുറിശ്ശി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു.

നാടകത്തിലും അതുവഴി സിനിമയിലും ചുവടുറപ്പിക്കുന്നതിനിടെയായിരുന്നു വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് ഒരിടവേള. നാലു പതിറ്റാണ്ടിനുശേഷം 2015-ല്‍ അഭിയരംഗത്തേക്കു മടങ്ങിവരവ്. ആ വരവിലെ ആദ്യ സിനിമയില്‍ത്തന്നെ സംസ്ഥാന അവാര്‍ഡ്. കാഞ്ചനയുടെ കാല്‍വെപ്പുകള്‍ ഇങ്ങനെ:-

സ്വാതന്ത്ര്യസമര കാലഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ഏകാംങ്ക നാടകങ്ങള്‍ ചെയ്തായിരുന്നു തുടക്കം. ഓച്ചിറ പരബ്രഹ്മം ട്രൂപ്പിനുവേണ്ടി വാസവദത്ത എന്ന നാടകത്തില്‍ തോഴിയുടെ വേഷം ചെയ്താണ് പ്രൊഫഷണല്‍ നാടകരംഗത്ത് ചുവടുറപ്പിച്ചത്.

നായികയായും സഹനടിയായും 850-ലധികം നാടകങ്ങളില്‍ അഭിനയിച്ചു. 1950-ല്‍ പുറത്തിറങ്ങിയ പ്രസന്നയാണ് ആദ്യസിനിമ. എം.ശ്രീരാമുലു സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണിയെന്ന കഥാപാത്രത്തെയാണ് കാഞ്ചന അവതരിപ്പിച്ചത്.

ഉദയായുടെയും മെറിലാന്റിന്റെയും ബാനറില്‍ ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും കാഞ്ചന അഭിനയിച്ചിട്ടുണ്ട്. പാലാ കുഞ്ഞിപ്പാപ്പാന്റെ രണ്ടല്ല എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് കുണ്ടറ ഭാസിയെന്ന കലാകാരനുമായി പ്രണയത്തിലായത്.

തുടര്‍ന്ന് വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. കുടുംബത്തില്‍ ശ്രദ്ധിച്ചതോടെയാണ് അഭിനയരംഗത്തുനിന്ന് അകന്നത്. 1980-ല്‍ ഭര്‍ത്താവും പിന്നീട് മൂത്തമകനും മരിച്ചു.

2015-ല്‍ കാഞ്ചനയെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ഓലപ്പീപ്പിയുടെ സംവിധായകന്‍ കൃഷ് കൈമള്‍ പട്ടണക്കാട്ടെ വീട്ടിലെത്തി സിനിമയിലേക്ക് ക്ഷണിച്ചത്. മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി കാഞ്ചന രണ്ടാംവരവ് ഉജ്ജ്വലമാക്കി.

ഓലപ്പീപ്പി ശ്രദ്ധിക്കപ്പെട്ടതോടെ കാഞ്ചനയെതേടി നിരവധി അവസരങ്ങള്‍ എത്തി. ഇളയമകന്‍ പ്രേംലാലിനൊപ്പം വയലാറിലെ വീട്ടിലായിരുന്നു താമസം.

Content Highlights: actress kanchana passed away, malayalam 'muthassi' actress, olappeeppi, vijay superum pournamiyum mopvie, film