മുംബൈ: അന്ധേരിയിലെ 'ജീവന്‍ ആശ' എന്ന വൃദ്ധസദനത്തില്‍ മരണമെത്തുംവരെ അവര്‍ ആശിച്ചിരുന്നത് ഒന്നുമാത്രമായിരുന്നു-ഒരു നാള്‍ മകനെത്തും, തന്നെ കൊണ്ടുപോകും. ഒരുവര്‍ഷത്തോളം അവര്‍ കാത്തിരിക്കയായിരുന്നു. ഒടുവില്‍ ആ ജീവിതവേഷം മരണത്തിനുമുന്നില്‍ അവര്‍ ആടിത്തീര്‍ത്തു.

ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു, ഇന്നലെകളില്‍ ബോളിവുഡിന്റെ പ്രിയതാരമായിരുന്ന ഗീതാ കപൂറി (67)ന്റെ മരണം. ഒരു വര്‍ഷംമുമ്പാണ് അവര്‍ ജീവിതത്തില്‍ തനിച്ചായത്. രക്താതിസമ്മര്‍ദത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി ഗൊരേഗാവിലെ എസ്.ആര്‍.വി. ആശുപത്രിയില്‍ മകനും നൃത്തസംവിധായകനുമായ രാജ കപൂറിനൊപ്പമാണ് അന്ന് അവരെത്തിയത്. എ.ടി.എമ്മില്‍നിന്ന് പണമെടുക്കാനെന്ന പേരില്‍ ആശുപത്രിയില്‍നിന്നുപോയ മകന്‍ പിന്നെ ആ അമ്മയ്ക്കടുത്തെത്തിയില്ല. ഒരു മകള്‍കൂടിയുണ്ട് ഗീതയ്ക്ക്; എയര്‍ഹോസ്റ്റസായ പൂജ. ഇവരും ആ അമ്മയെത്തേടി വന്നില്ല.

ആരോരുമില്ലാതെ ഏതോ സ്ത്രീ ആശുപത്രിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു സംവിധായകന്‍ അശോക് പണ്ഡിറ്റും രമേഷ് ദൗരാനിയും എസ്.ആര്‍.വി. ആശുപത്രിയിലെത്തിയത്. സ്ഥലത്തെത്തിയപ്പോഴാണ് മുന്നിലുള്ളത് ഗീതയാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ ചെലവായ ഒന്നരലക്ഷം രൂപയുടെ ബില്‍ അവരടച്ചു. ആശുപത്രിയില്‍നിന്ന് മക്കളുടെ അടുത്തെത്തിക്കാന്‍ ഒരു ശ്രമം നടത്തി. പെറ്റമ്മയെ ഒരുനോക്കുപോലും കാണാന്‍ താത്പര്യമില്ലാതിരുന്ന രാജ വീടുമാറി. ഫോണ്‍വിളിച്ചിട്ടും കിട്ടിയില്ല. ഇരുവരുടെയും പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും ആ മകനെയും മകളെയും അവര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് അന്ധേരിക്കടുത്ത് വിലെപാര്‍ലെയില്‍ ജീവന്‍ ആശ എന്ന വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു.

കമല്‍ അംരോഹി സംവിധാനംചെയ്ത 'പക്കീസ' എന്ന സിനിമയിലൂടെയാണ് ഗീതാ കപൂര്‍ ബോളിവുഡിന്റെ മുന്‍നിരയിലെത്തുന്നത്. രാജ്കുമാറിന്റെ രണ്ടാംഭാര്യയുടെ വേഷത്തിലായിരുന്നു ഇതില്‍. 'റസിയ സുല്‍ത്താനി'ലെ ഗീതയുടെ വേഷവും പ്രശസ്തമാണ്. നൂറോളം സിനിമകളില്‍ അഭിനയിച്ചു. സംവിധായകന്‍ അശോക് പണ്ഡിറ്റാണ് സമൂഹമാധ്യമങ്ങളിലൂടെ ഗീതയുടെ മരണവിവരം സ്ഥിരീകരിച്ചത്. അമ്മയെ തിരിഞ്ഞുനോക്കാത്ത മക്കളാണെങ്കിലും അവര്‍ക്കായി മൃതദേഹം രണ്ടുദിവസം വിലെപാര്‍ലെയിലെ കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിക്കും. എന്നിട്ടും വന്നില്ലെങ്കില്‍ ശവസംസ്‌കാരം നടത്തുമെന്ന് പണ്ഡിറ്റ് അറിയിച്ചു.

Content Highlights: Actress Geeta Kapoor Dies In Old Age Home Bollywood Pakeezah