ഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സംഭവബഹുലമായിരുന്നു സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ നായിക. സിനിമയെ വെല്ലുന്ന തന്റെ ജീവിതം ആത്മകഥയില്‍ പകര്‍ത്തിയിരിക്കുകയാണ് അമ്പത്തിയാറുകാരിയായ മൂര്‍. ഇന്‍സൈഡ് ഔട്ട് എന്ന ആത്മകഥ സെപ്റ്റംബര്‍ 24ന് പുറത്തിറങ്ങുകയാണ്.

ഞെട്ടുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് ഡെമി മൂര്‍ ഈ പുസ്തകത്തിൽ. പതിനഞ്ചാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം ഈ പുസ്തകത്തില്‍ ഡെമി മൂര്‍ വിവരിക്കുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടണ്‍ കച്ചറുമായുള്ള ബന്ധവും ഗര്‍ഭച്ഛിദ്രവുമെല്ലാം ഡെമി മൂര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

തന്നേക്കാള്‍ പതിനഞ്ച് വയസ്സ് താഴെയുള്ള ആഷ്ടണ്‍ കച്ചറില്‍ നിന്ന് ഗര്‍ഭിണിയായിരുന്നെന്നും ആറു മാസം വളര്‍ച്ചയുണ്ടായിരുന്ന ആ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും അവര്‍ എഴുതുന്നുണ്ട്. ചാപ്ലിന്‍ റേ എന്നു പേരിടാനിരുന്ന ആ കുഞ്ഞിന്റെ മരണത്തിനുശേഷമാണ് മദ്യപാനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും അഭയം പ്രാപിച്ചത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവും മക്കളായ റൂമര്‍, സ്‌കോട്ട്, തല്ലുലാ എന്നിവരുമായുള്ള ബന്ധവും വഷളായി. പിന്നീട് ഒരു പുരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു താനെന്നും മൂര്‍ വെളിപ്പെടുത്തുന്നു.

ഉറക്കഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ കുട്ടിക്കാലത്ത് രക്ഷിച്ച കഥയും മൂര്‍ വിവരിക്കുന്നുണ്ട്. അമ്മയുടെ വായില്‍ തന്റെ കുഞ്ഞുവിരലുകള്‍ തിരുകിക്കയറ്റിയാണ് ഗുളികകള്‍ പുറത്തെടുത്തതെന്ന് അവര്‍ പറയുന്നു. ഉള്ളില്‍ വലിയൊരു ആഘാതമാണ് ആ സംഭവം സൃഷ്ടിച്ചത്. അത് ജീവിതത്തിലുടനീളം നിലനില്‍ക്കുകയും ചെയ്തു-ഡെമി മൂര്‍ കുറിച്ചു. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ഡാന്‍ ഗ്യുനെസല്ല ഹാര്‍മണ്‍ എന്നൊരാളാണ് തന്റെ യഥാര്‍ഥ അച്ഛനല്ലെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ എഴുതുന്നു.

മോഡലിങ്ങില്‍ തുടങ്ങി ഒരു കാലത്ത് ഹോളിവുഡിലെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന നടികളില്‍ ഒരാളായി മാറി ഡെമി മൂര്‍ ആദ്യം ഫ്രെഡി മൂറിനെ വിവാഹം കഴിച്ചു. പിന്നീടാണ് ബ്രൂസ് വില്ലീസ് ജീവിതത്തിലേയ്ക്ക് വരുന്നത്. വില്ലീസുമായി പിരിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷമാണന്‍് ആഷ്ടണ്‍ കച്ചറെ വിവാഹം കഴിക്കുന്നത്. 2013ല്‍ ഇവര്‍ പിരിഞ്ഞു. ഇപ്പോള്‍ ബെവേളി ഹില്‍സില്‍ മകള്‍ താല്ലുലാ വില്‍സിനൊപ്പം താമസിച്ചുവരികയാണ്.

Content Highlights: Hollywood Actress Demi Moore memoir 'Inside Out, Freddy Moore, Bruce Willis, Ashton Kutcher