വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സുധ തന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിര്‍ന്നപൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.

വർഷങ്ങൾക്ക് മുമ്പ് കാറപകടത്തെ തുടർന്നാണ് സുധയ്ക്ക് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രം​ഗത്തേക്കും ശക്തമായി തിരിച്ചെത്തി. 

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ ഓരോ തവണയും കൃത്രിമക്കാൽ ഊരിമാറ്റി വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നുമാണ് സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ സന്ദേശം അധികാരികളിൽ എത്തുമെന്നും വേണ്ട നടപടി കൈകൊള്ളുമെന്നുമുള്ള പ്രതീക്ഷയും സുധ പങ്കുവയ്ക്കുന്നു. 

സെലിബ്രിറ്റികളടക്കം നിരവധി പേർ സുധയുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊളളണമെന്നും ഇവർ ആവശ്യപ്പെടുന്നു.

content highlights : Actress Dancer Sudhaa Chandran request Modi On Being Stopped At Airport For Prosthetic Limb