നടി ബീന ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവച്ചത്. ഇരുവരുടെയും മകനും വീഡിയോയിലുണ്ട്.  ​ഗുരുതരാവസ്ഥയിലായിരുന്ന ബീന ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന് മനോജ് പറയുന്നു.  പലപ്പോഴും സംസാരത്തിനിടെ സങ്കടം സഹിക്കാനാകാതെ മനോജും മകനും കരയുന്നതും വീഡിയോയിൽ കാണാം.. മകനും പലപ്പോഴും കരയുന്നു. .

ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണ് ബീന ആന്റണിക്ക് കോവിഡ് ബാധിക്കുന്നത്. സെറ്റിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ വീട്ടിലെത്തിയ ബീന ക്വാറന്റൈനിൽ കഴിയുകയായിരുന്നു. പിന്നീടുള്ള പരിശോധനയിൽ ബീനക്കും രോ​ഗം സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതകൾ കൂടി വന്നതോടെയാണ് ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

ഇതിനിടെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോ​ഗ്യസ്ഥിതി വഷളായത്. ബീന ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഐസിയു ഒഴിവില്ലാതെ വന്ന സാഹചര്യം തങ്ങളെ തകർത്തു കളഞ്ഞെന്നും മനോജ് പറയുന്നു. ഐസിയു സൗകര്യമുള്ള വേറെ ആശുപത്രി നോക്കാൻ‌ ഡോക്ടർ ആവശ്യപ്പെട്ടെന്നും എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും ഈശ്വരന്മാരുടെ അനു​ഗ്രഹം കൊണ്ടാണ് ബീന രക്ഷപ്പെട്ടതെന്നും ഈ ഡോക്ടർമാരുടെ അടുത്ത് ബീനയെ എത്തിച്ചത് ഈശ്വരനാണെന്നും മനോജ് പറയുന്നു. 

ബീനയുടെ രോ​ഗവിവരമറിഞ്ഞ് മോഹൻലാലും മമ്മൂട്ടിയും വിളിച്ച് ആശ്വാസവാക്കുകൾ നൽകി സമാധാനിപ്പിച്ചിരുന്നുവെന്നും മനോജ് പറയുന്നു. 'നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ'.എന്ന് പറഞ്ഞാണ് മനോജ് വീഡിയോ അവസാനിപ്പിക്കുന്നത്. 

Content Highlights : Actress Beena Antony Covid Positive Manoj Kumar Video