പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരേ അതിജീവിത. നിലവില്‍, സി.ബി.ഐ. കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. ഈ മാസം രണ്ടിന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി.
'നീതി ലഭിക്കുമെന്ന് കരുതുന്നില്ല'
ഇപ്പോള്‍ വനിതാജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. 'കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്.
മെമ്മറികാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് പേടിയുണ്ട്. ഇത് വനിതാജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല.
അന്വേഷണ ഉദ്യോഗസ്ഥനും വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. കേസിന്റെ വിവിധവശങ്ങള്‍ വ്യക്തമാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹര്‍ജി നല്‍കി.
ഇപ്പോള്‍ വിചാരണ നടക്കുന്ന സി.ബി.ഐ.-3 കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചതായ വാര്‍ത്ത വളരെ സന്തോഷംപകരുന്നു. വനിതാജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാജഡ്ജിക്ക് കീഴിലേക്കു മാറ്റണം.
ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
കോടതിമാറ്റത്തിനെതിരേ വാദമുയര്‍ന്നേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണനടപടികള്‍ പ്രത്യേക സി.ബി.ഐ. കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതില്‍ ഭിന്നാഭിപ്രായം. ജഡ്ജി മാറുന്നതിനൊപ്പം കോടതിയില്‍നിന്ന് വിചാരണ മാറേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ വാദമുന്നയിച്ചേക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് എത്തുന്നത്. ജുഡീഷ്യല്‍ ഉത്തരവിനെ ഭരണവിഭാഗം ഉത്തരവിലൂടെ മറികടക്കാനാകില്ലെന്ന വാദമാണ് വിചാരണക്കോടതിയില്‍ ഉന്നയിക്കപ്പെടുക.
വനിതാജഡ്ജിയുടെ കീഴില്‍ വിചാരണയെന്ന ആവശ്യം അതിജീവിത ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേസ് ഹണി എം. വര്‍ഗീസ് അധ്യക്ഷയായ എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റിയത്. അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് രാജ വിജയരാഘവന്റേതായിരുന്നു ഉത്തരവ്.
ഹണി എം. വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും വിചാരണ സി.ബി. ഐ. കോടതിയില്‍ തന്നെ തുടര്‍ന്നു. ഇപ്പോള്‍ സി.ബി. ഐ. കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനെ നിയമിച്ചിരിക്കുകയാണ്. ഇതോടെ ഹണി എം. വര്‍ഗീസ് സി.ബി.ഐ. കോടതിയുടെ ചുമതലയില്‍നിന്ന് ഒഴിവാകും.
കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അതിജീവിതയുടെ അഭിപ്രായം പരിഗണിക്കപ്പെടേണ്ടതാണെന്ന വാദവും ഉയരുന്നുണ്ട്.
അതേസമയം കോടതിമാറ്റത്തിന് നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ കേസിന്റെ വിചാരണ നടത്തുന്ന ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കോടതിയിലേക്ക് കേസ് മാറ്റുന്നതില്‍ അപാകമില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് അഭിപ്രായപ്പെട്ടത്.
വിചാരണ വനിതാജഡ്ജിയുടെ മുന്നിലായിരിക്കണമെന്നതാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അന്തസ്സത്ത. അതിനാലാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതില്‍ അപാകമില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.
വനിതാജഡ്ജിയുടെ നടപടികളില്‍ അതൃപ്തി അറിയിച്ച് അതിജീവിത കോടതിമാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ആവശ്യം ഇരുകോടതികളും അനുവദിച്ചിരുന്നില്ല.
Content Highlights: Actress attack Case survivor against court justice honey Varghese, CBI Court, session court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..