ദിലീപ്, മഞ്ജു വാര്യർ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാനാണ് മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. കുറ്റകൃത്യത്തിൽ ദിലീപിന്റെയും 15-ാം പ്രതി ശരത്തിന്റെയും പങ്ക് വ്യക്തമാക്കുന്ന ശബ്ദറെക്കോഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നാലുസാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന് മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. മഞ്ജു വാരിയർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ എതിർത്ത് കേസിലെ എട്ടാംപ്രതിയായ ദിലീപ് കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനാണ് സർക്കാർ മറുപടി നൽകിയത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നാണ് ദിലീപിന്റെ വാദം. തെളിവുകളിലെ വിടവു നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ദിലീപ് ആരോപിച്ചു.
ദിലീപിന്റെ ആരോപണങ്ങൾ സംസ്ഥാനസർക്കാർ തള്ളി. നാലുപേരെ മാത്രമേ വീണ്ടും വിസ്തരിക്കാനുള്ളുവെന്ന് സ്റ്റാൻഡിങ് കോൺസൽ നിഷ രാജൻ ശങ്കർ ഫയൽചെയ്ത മറുപടിയിൽ സർക്കാർ വ്യക്തമാക്കി. ദിലീപിന്റെ സഹോദരൻ അനൂപ്, ബന്ധു സൂരജ്, കുടുംബഡോക്ടർ ഹൈദരാലി, മുൻ ഭാര്യ മഞ്ജു വാരിയർ എന്നിവരെ മാത്രമാണ് വീണ്ടും വിസ്തരിക്കാൻ ആവശ്യപ്പെടുന്നത്.
വിസ്താരം സുപ്രീം കോടതി ഉത്തരവനുസരിച്ച്
കൊച്ചി: മഞ്ജു വാരിയരുടെ സാക്ഷിവിസ്താരം ഹൈക്കോടതി 21 ലേക്ക് മാറ്റി. മഞ്ജുവിന് വ്യാഴാഴ്ച വിസ്തരിക്കാനാണ് നിശ്ചയിച്ചിരുന്നത്. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നതിലും തീരുമാനമായിട്ടില്ല. വിസ്താരം തിരുവനന്തപുരത്ത് നടത്തണമെന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ബാലചന്ദ്രകുമാർ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് വിചാരണക്കോടതി അനുമതി നൽകി. എന്നാൽ, ഹൈക്കോടതി അന്തിമാനുമതി നൽകിയിട്ടില്ല.
Content Highlights: Actress attack case Re-examining Manju Warrier crucial to prove Dileep's involvement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..