പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.എഫ്.പി
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. ഒരു വിവോ ഫോണിലും കംപ്യൂട്ടറിലും മെമ്മറികാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതിനുത്തരവാദി ആരെന്നാണ് കണ്ടെത്തേണ്ടത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതേക്കുറിച്ച് കൂടുതലന്വേഷണം വേണമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ചും നീങ്ങിയിരിക്കുകയാണ്.
മെമ്മറി കാര്‍ഡിട്ട ഫോണില്‍ ടെലിഗ്രാം, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ സുരക്ഷിതമല്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്ന ഫോണിന്റെ ഉടമസ്ഥനെയും കംപ്യൂട്ടറില്‍ കാര്‍ഡ് ഉപയോഗിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. എന്നാലേ ഇതുസംബന്ധിച്ച ദുരൂഹത മാറൂ. മാത്രമല്ല, രണ്ടുതവണ മെമ്മറികാര്‍ഡ് തുറന്നിരിക്കുന്നതും രാത്രിയാണ്.
എട്ട് ജിഗാബൈറ്റ് ശേഷിയുള്ള സാന്‍ഡിസ്‌കിന്റെ മെമ്മറികാര്‍ഡില്‍ എട്ട് വീഡിയോകളാണുള്ളത്. ഇതെല്ലാം നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്. . മെമ്മറികാര്‍ഡ് മൂന്നുതവണയും ഉപയോഗിച്ചതോടെയാണ് ഹാഷ് വാല്യൂവിന് മാറ്റമുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം, പുതിയ ഫോള്‍ഡറുകള്‍ രൂപംകൊള്ളുകയും ചെയ്തിട്ടുണ്ട്.
മെമ്മറികാര്‍ഡ് ആദ്യം തുറക്കുമ്പോള്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലും രണ്ടാമത് തുറക്കുമ്പോള്‍ ജില്ലാ കോടതിയുടെ കസ്റ്റഡിയിലും മൂന്നാമത് തുറക്കുമ്പോള്‍ വിചാരണക്കോടതിയുടെ കസ്റ്റഡിയിലുമായിരുന്നു. മെമ്മറികാര്‍ഡ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അതിന്റെ ഹാഷ് വാല്യൂ മഹസ്സറില്‍ രേഖപ്പെടുത്തുകയാണ് പതിവ്. പിന്നീട് ഈ മെമ്മറികാര്‍ഡ് ഒരു കംപ്യൂട്ടറിലോ മൊബൈലിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഹാഷ് വാല്യൂവിന് മാറ്റംവരും.
പോലീസിന്റെ പക്കലോ കോടതിയിലോ സൂക്ഷിക്കുന്ന മെമ്മറികാര്‍ഡ് ഏതെങ്കിലും ഘട്ടത്തില്‍ തുറക്കുമ്പോഴും അതിന്റെ മാറിയ ഹാഷ് വാല്യൂ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്താതെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കില്‍ മെമ്മറികാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതായാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
Content Highlights: Actress Attack Case, Memory card, FSL Report, Crime Brach


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..