കാവ്യാ മാധവൻ | ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ| മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യാനായില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കമെങ്കിലും അത് വേണ്ടെന്നുവെച്ചു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണിത്.
കേസിൽ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്ന് ക്രെംബ്രാഞ്ച് നിലപാടെടുക്കുകയായിരുന്നു. സാക്ഷിയായ കാവ്യ ആവശ്യപ്പെട്ട പ്രകാരം ബുധനാഴ്ച രണ്ടുമണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യംചെയ്യാമെന്ന് ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും പിന്നീട് നിലപാടു മാറ്റി.
ചോദ്യംചെയ്യലിനുള്ള സാങ്കേതികസൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സമുള്ളതും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചുവേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ. ചോദ്യംചെയ്യൽ ക്യാമറയിൽ പകർത്തണം.
ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്ത് ചോദ്യംചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യലിന് സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവെച്ചുള്ള ചോദ്യംചെയ്യലിന് സഹകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, ചോദ്യംചെയ്യാൻ ഉദ്യോഗസ്ഥർ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരിൽനിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയൽ വീട്ടിൽത്തന്നെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെടാൻ നിയമപരമായ അവകാശമുണ്ടെന്നാണ് അവരുടെ വാദം.
അതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരോട് ചോദ്യംചെയ്യലിന് ആലുവ പോലീസ് ക്ലബ്ബിൽ ബുധനാഴ്ച എത്താൻ നിർദേശിച്ചിരുന്നു. അവരും എത്തിയിട്ടില്ല. ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല.
തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കറും ചോദ്യംചെയ്യലിന് എത്തിയില്ല. തുടർനടപടി സംബന്ധിച്ച അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് എടുത്തിട്ടില്ല.
Content Highlights: actress attack case, kavya madhavan, kerala crime branch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..