
ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയ ദിലീപ് (ഫയൽ ചിത്രം) | ഫോട്ടോ: പി.ടി.ഐ
നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷൻ. കേസിൽ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. ബൈജു പൗലോസ് എന്നിവർക്കെതിരേ അഡ്വ. ഫിലിപ്പ് ടി. വർഗീസാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്.
കേസിൽ വിചാരണ അട്ടിമറിക്കാനാണ് എ.ഡി.ജി.പി. ശ്രീജിത്ത് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്കെതിരേ അപവാദം പ്രചരിപ്പിക്കുകയാണ്. കേസിൽ വിചാരണ നടന്നുവരവേ ബാലചന്ദ്രകുമാർ എന്നയാളെ രംഗത്തിറക്കി കഥകൾ മെനയുകയാണ്. ബാലചന്ദ്രകുമാർ വർഷങ്ങളായി എ.ഡി.ജി.പി.യുടെ സുഹൃത്താണ്.
ദിലീപിന്റെ അഭിഭാഷകരായ അഡ്വ. രാമൻപിള്ളയ്ക്കെതിരേയും തനിക്കെതിരേയും അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ് ശങ്കറെ ഉപയോഗിക്കുന്നു. ചില മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നതുപോലും എ.ഡി.ജി.പി.യാണ്. ഒരു ദൃശ്യമാധ്യമത്തിന്റെയും ഒരു ഓൺലൈൻ മാധ്യമത്തിന്റെയും പേര് പരാതിയിലുണ്ട്. ഡി.വൈ.എസ.പി. ബൈജു പൗലോസിനെതിരേയും അഭിഭാഷകൻ പരാതി ഉന്നയിക്കുന്നുണ്ട്. ചില ഓഡിയോ ഫയലുകളിൽ കൃത്രിമത്വം സൃഷ്ടിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നിൽ അന്വേഷണസംഘമാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം.
ഇതേ അഭിഭാഷകർക്കെതിരെ പരാതിയുമായി അക്രമത്തിന് ഇരയായ നടി രംഗത്തെത്തിയിരുന്നു. നടി നൽകിയ പരാതിയിൽ ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അഭിഭാഷകർ അന്വേഷണ സംഘത്തിനെതിരേ രംഗത്തെത്തിയത്. ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകർക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..