കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ മൂന്നാം പ്രതി എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ വീട്ടിൽ മണികണ്ഠന് (31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാലരവർഷമായി ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് മണികണ്ഠൻ നൽകിയ ഹർജി ജസ്റ്റിസ് സുനിൽ തോമസ് അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

കേസിൽ ആകെയുള്ള 360 സാക്ഷികളിൽ 180 പേരുടെ വിസ്താരം ഇനിയും നടക്കാനുണ്ടെന്നും ഇതിനുപുറമേ 29 അഡീഷണൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ നൽകിയിട്ടുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിചാരണ പൂർത്തിയാക്കാൻ 2022 ഫെബ്രുവരി 16 വരെ സുപ്രീംകോടതി സമയം നീട്ടിനൽകിയിട്ടുണ്ടെന്നും അറിയിച്ചു.

content highlights : Actress assault case Kerala High Court Grants Bail To Accused Manikandan