കൊറാണ വൈറസ് ഭീതിയില്‍ ഇന്ത്യയുള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോള്‍ മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ക്ക് ആശ്വാസ വാക്കുകളുമായി നടി ആശാ ശരത്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഏവരെയും സുരക്ഷിതരായിരിക്കണമെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് ആശ്വാസ വാക്കുകളുമായെത്തിയത്. 

മക്കളോ മറ്റ് പ്രിയപ്പെട്ടവരോ അടുത്തില്ലാത്തവരുടെ മാനസിക ബുദ്ധിമുട്ട് തനിക്ക് മനസിലാകുമെന്നും താനും അത്തരത്തിലൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ആശ പറയുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുകയാണ് ആശയുടെ മകള്‍. 

"കുടുംബം ഒന്നിച്ചല്ലാത്തവരുടെ ടെന്‍ഷന്‍ എനിക്ക് പൂര്‍ണമായും മനസിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാന്‍ യു.എ.ഇ യില്‍ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്‌സിറ്റി അടച്ചു, ഹോസ്റ്റല്‍ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാര്‍ക്കുമുള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. കുട്ടികളും ഭയത്തിലാണ്.

ആ അവസ്ഥയില്‍ കുട്ടികള്‍ ചെയ്യുന്ന തെറ്റെന്തെന്ന് വച്ചാല്‍ അവര്‍ അവിടെ നിന്ന് ധൃതിപ്പെട്ട് വന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ പെട്ടു പോകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക. ഭക്ഷണം നേരത്തെ സംഭരിച്ച് വയ്ക്കുക, പുറത്തിറങ്ങാതിരിക്കുക. മറ്റുള്ളവരില്‍ നിന്ന് എങ്ങനെ അകലം പാലിച്ച് നില്‍ക്കണമെന്ന് നമ്മള്‍ മാതാപിതാക്കള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കിപ്പിക്കുക. നമ്മള്‍ സ്വയം മനസിലാക്കുക. ഞാനും അത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുക. നമുക്ക് ഒന്നിച്ച് ഇതിനെ നേരിടാം..ഒന്നിച്ച് പേരാടാം.."-ആശ പറയുന്നു.

Content highlights : Actress Asha Sarath's daughter stuck in canada Quarantine Corona Awareness Video