31-ാം പിറന്നാൾ ദിനത്തിൽ നടിയും അവതാരകയുമായ ആര്യ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് താരം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചത്. 

പോയ വർഷത്തെ പിറന്നാൾ തന്നെ ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ആഘോഷിക്കാൻ യുഎഇയിൽ പോയതിനെക്കുറിച്ചാണ് ആര്യയുടെ കുറിപ്പിൽ പറയുന്നത് . വിഷാദത്തെ അതിജീവിച്ച് ഇന്ന് തനിക്കൊപ്പം എന്നും നിലകൊള്ളുമെന്ന് ഉറപ്പുള്ള പ്രിയപ്പെട്ടവർ‌ക്കൊപ്പം 31-ാം ജന്മദിനം ആഘോഷിക്കുമ്പോൾ സന്തോഷവും ഏറ്റവും പ്രധാനമായി സമാധാനവും തന്നെ തേടിയെത്തുന്നുവെന്ന് താരം കുറിപ്പിൽ പറയുന്നു

ആ​ര്യ പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ വർഷം ഇതേ ദിവസം എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ കടന്നു പോയ അവസ്ഥകളെക്കുറിച്ച് വിശദീകരിക്കാൻ പോലും ബുദ്ധിമുട്ടാണ്. യു.എ.ഇ.യിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് ഒരു ദിവസം കടന്ന് പോകാൻ എനിക്ക് ഒരു കുപ്പി വൈനിനെയും ബാക്കി വന്ന ഭക്ഷണത്തെയും ആശ്രയിക്കാതെ മറ്റ് മാർഗമുണ്ടായിരുന്നില്ല...

എന്റെ അവസ്ഥ മോശമായി, ചിലപ്പോൾ എന്തെങ്കിലും അവിവേകം കാണിക്കാനും സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ രക്ഷപ്പെട്ടു. വൈകുന്നേരത്തോടെ തെറ്റ് മനസ്സിലാക്കി എന്റെ അടുക്കൽ വരാൻ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇങ്ങനെയായിരുന്നു എന്റെ കഴിഞ്ഞ ജന്മദിനം, എനിക്ക് 30 വയസ് തികഞ്ഞ ദിവസം. എന്നാൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഞാൻ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 

എന്റെ സുന്ദരിയായ മകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യു.എ.ഇ.യിലേക്കും യാത്ര ചെയ്യാനും എന്റെ ജന്മദിനം ഇനി എന്നിൽ തീരെ താല്പര്യമില്ലാത്ത ഒരാളുമായി ചിലവഴിക്കാനും തീരുമാനമെടുത്ത ഞാൻ വിഡ്ഡിയായിരുന്നു. അതെന്റെ തെറ്റായിരുന്നു, തെറ്റായ തീരുമാനമാണ് ഞാൻ എടുത്തത്. ആരെയും അതിൽ കുറ്റപ്പെടുത്താനില്ല.

ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്‌നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ചില മോശം വ്യക്തികൾ ഉണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാർത്ഥ വ്യക്തികൾ ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാവുക. നിങ്ങളെ ആത്മാർത്ഥമായി സ്‌നേഹിക്കുകയും കരുതലോടെ കാണുന്നവരെയുമാണ് ഞാൻ ഉദ്ദേശിച്ചത്.

ഞാൻ പറയാൻ ശ്രമിക്കുന്നത് ഒന്ന് മാത്രമേയുള്ളൂ, സന്തോഷിക്കണോ അതോ നിങ്ങളുടെ മനസമാധാനം നശിപ്പിക്കണോ, എല്ലാം നിങ്ങളുടെ കൈകളിലാണ്. തീരുമാനം നിങ്ങളുടേതാണ്. സന്തോഷമായിരിക്കണോ അതോ നിങ്ങളുടെ ഹൃദയം തകർക്കണോ. എപ്പോഴും ഓർക്കുക... നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ്. ശരിയായത് ബുദ്ധിപൂർവം തിരഞ്ഞെടുക്കാൻ സ്വയം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുക. നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിക്കുകയും നിങ്ങൾക്കായി നിലകൊള്ളുകയും ചെയ്യുന്നവരെ തിരഞ്ഞെടുക്കുക. ഇന്ന് ഞാൻ വളരെയധികം സന്തോഷത്തിലാണ്. ഈ 31 -ാം ജന്മദിനം തീർച്ചയായും എനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ചതാണ്. വേണ്ടപ്പെട്ട ചിലരെ നഷ്ടമായെങ്കിലും, എനിക്കിന്ന് അതിയായ സന്തോഷവും ഏറ്റവും പ്രധാനമായി സമാധാനവുമുണ്ട്. എന്റെ കുടുംബത്തിന് വലിയ നന്ദിയും സ്നേഹവും.. എന്റെ സന്തോഷത്തിന് കാരണമായ എനിക്കൊപ്പം എന്നും എപ്പോഴും നിലകൊള്ളുന്ന കുടുംബാം​ഗങ്ങളായ സുഹൃത്തുക്കൾക്കും നന്ദി.. 


content highlights : Actress arya about her last birthday and wrong choices in life