മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളി ഫോർട്ട് കൊച്ചി കൊച്ചിൻ ക്ലബ്ബിൽ മാധ്യമപ്രവർത്തകരെ കാണാനെത്തുന്നു| ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
കൊച്ചി: സിനിമയിലെ താരപ്രതിഫലത്തിൽ ആണിനും പെണ്ണിനും തുല്യ അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി. എല്ലാവരുംചേർന്ന് കഠിനാധ്വാനം ചെയ്താണ് നല്ല സിനിമകൾ പിറക്കുന്നത്. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുംവിധം മലയാള സിനിമ ഇനിയും മാറേണ്ടതുണ്ട്. രണ്ട് ആൺകഥാപാത്രങ്ങൾ തുല്യനിലയിൽവരുന്ന ശക്തമായ പ്രമേയമുള്ള സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്. അതുപോലെ സ്ത്രീകളെയും അവതരിപ്പിക്കുന്ന സിനിമകളുണ്ടാകണം.
സൂരരൈ പോട്ര് എന്ന സിനിമയിൽ നടൻ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അപർണ പറഞ്ഞു. ഈ സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിക്കുമെന്നു പലരും പറഞ്ഞതോടെ നല്ല ആശങ്കയുണ്ടായിരുന്നു. അവാർഡ് ലഭിച്ചതിൽ മലയാള സിനിമാ രംഗത്തുനിന്നടക്കം ഒരുപാടുപേർ വിളിച്ച് അഭിനന്ദിച്ചതായും അപർണ പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപർണ അഭിനയരംഗത്ത് ശ്രദ്ധനേടിയത്. ഒരു മുത്തശ്ശി ഗദ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളിൽ നടിയായും ഗായികയായും തിളങ്ങിയിട്ടുണ്ട് തൃശൂർ സ്വദേശിയായ അപർണ. സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും മകളാണ്.
പന്ത്രണ്ടോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..