കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ഉണ്ടായിരുന്നുവെന്ന് നടി അനു സിതാര. എന്നാല്‍ അതൊരിക്കലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അനു സിതാര പറയുന്നു. മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സു തുറക്കുകയായിരുന്നു താരം. 

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഉണ്ടാകുമോ? ചിലര്‍ അത് തുറന്ന് പറയില്ലെന്ന് മാത്രം. ഞാന്‍ ചെറുപ്പത്തില്‍ തന്നെ പറഞ്ഞിരുന്നു എനിക്ക് അഭിനയിക്കണമെന്ന്. 

'വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും (ഭര്‍ത്താവ് വിഷ്ണു) കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും.'

സലീം അഹമ്മദ് സംവിധാനം ചെയ്ത 'ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു' എന്ന ചിത്രത്തെക്കുറിച്ചും അനു സിതാര മനസ്സു തുറന്നു. 

'സലീമിക്കയെപ്പോലെയുള്ള (സലീം അഹമ്മദ്) സംവിധായകര്‍ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പിന്നെ ഒന്നും ആലോചിക്കേണ്ട കാര്യമില്ല. ഓസ്‌കാര്‍ ഗോസ് ടു.. എന്ന ചിത്രം സിനിമയിലെത്താന്‍ കഷ്ടപ്പെടുന്ന ഒരുപാട് പേരുടെ കഥയാണ്. എന്റെ ജീവിതവുമായി, അല്ലെങ്കില്‍ എന്റെ സുഹൃത്തുക്കളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രം സംസാരിക്കുന്നുണ്ട്.' 

ദിലീപ് നായകനായ ശുഭരാത്രിയാണ് അനു സിതാരയുടെ ഏറ്റവും പുതിയ റിലീസ്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കം എന്ന ചിത്രത്തിലാണ് അനു സിതാര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.പ്ദമകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Content Highlights: actress Anu Sithara interview about Oscar goes to movie, talks about husand vishnu, family, upcoming movies