-
ആദ്യ വിദേശ യാത്ര. പോയത് 15 ദിവസത്തേയ്ക്ക്. എന്നാല്‍ തിരിച്ചെത്തിയതോ, മൂന്നു മാസം കഴിഞ്ഞ്. ഷൂട്ട് കഴിഞ്ഞെങ്കിലും ലോക്ഡൗണ്‍ ആയതിനാല്‍ നാട്ടിലെത്താന്‍ കഴിയാതെ ആഫ്രിക്കയില്‍ കുടുങ്ങിപ്പോയ ജിബൂട്ടി എന്ന സിനിമയുടെ സംഘത്തില്‍ നടി അഞ്ജലി നായരുമുണ്ടായിരുന്നു. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിലീഷ് പോത്തനടക്കമുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജൂണ്‍ ആറിനാണ് നാട്ടിലെത്തിയത്. അഞ്ജലിയ്ക്ക് വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ അനുവാദം ലഭിച്ചു. വീട്ടിലെ മുറിയില്‍ ക്വാറന്റൈനില്‍ കഴിയവെ നടി ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരിക്കുകയാണ്.
ജിബൂട്ടിയുടെ എഴുപതു പേരടങ്ങുന്ന സംഘമാണ് നാട്ടിലെത്തിയത്. ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞുവെന്നും താന്‍ നാട്ടിലേക്കു പോരുകയായി എന്നും ഏപ്രില്‍ നാലിന് അഞ്ജലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജിബൂട്ടിയില്‍ കുടുങ്ങി രണ്ടുമാസങ്ങള്‍ക്കു ശേഷമാണ് നാട്ടിലെത്താനായത്. മകള്‍ ആവണിയെ അത്രയും നാള് മിസ് ചെയ്തിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയെന്ന് അഞ്ജലി പറയുന്നു. മകളെ തൊടാനും കെട്ടിപ്പിടിക്കാനുമെല്ലാം കൊതിയാവുന്നുണ്ട്. എന്നാല്‍ താനും തന്റെ മകളും ഒരേ വീട്ടില്‍ തന്നെയുണ്ടല്ലോയെന്നും പുറത്തു കൊണ്ടു വച്ചിരിക്കുന്ന ഭക്ഷണമെടുക്കാന്‍ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ ദൂരെ നിന്നാണെങ്കിലും മകളെ കാണാമല്ലോയെന്നും അതു പോലും സാധിക്കാത്ത അമ്മമാര്‍ പലയിടത്തുമുണ്ടെന്നു തനിക്കറിയാമെന്നും നടി പറയുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവും ഭാര്യയും ഇടപെട്ട് പ്രത്യേകം ബുക്ക് ചെയ്ത ചാര്‍ട്ടഡ് ഫ്ലൈറ്റിലാണ് സംഘം നാട്ടിലെത്തിയത്. പുറപ്പെടും മുമ്പു വരെ യാത്ര ചെയ്യാനാകുമോ എന്നുറപ്പില്ലായിരുന്നു. രാജ്യങ്ങള്‍ തമ്മിലെ ചില പ്രശ്നങ്ങള്‍ കാരണം. വിമാനത്താവളത്തിലേയ്ക്ക് അയക്കുന്നതിനു മുമ്പും വിമാനത്തിലും എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചിരുന്നു. പരിശോധനയും കര്‍ശനമായിരുന്നു. കൊച്ചിയിലെത്തി ക്വാറന്റൈനിലിരിക്കാന്‍ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍ അധികൃതര്‍ വീട്ടില്‍ സൗകര്യങ്ങളുണ്ടെങ്കില്‍ അവിടെ ക്വാറന്രൈനില് കഴിഞ്ഞോളാന്‍ നിര്‍ദേശിച്ചതു പ്രകാരം വീട്ടില്‍ പോരുകയായിരുന്നുവെന്നു അഞ്ജലി പറയുന്നു.
വീട്ടിലെത്തിയപ്പോള്‍ അമ്മ ഡെറ്റോള്‍, ഉപ്പ്, അങ്ങനെ ശുചീകരണ വസ്തുക്കള്‍ നിറച്ച വെള്ളത്തില്‍ കാലും കൈയ്യും കഴുകാന്‍ ആവശ്യപ്പെട്ടു. അമ്മയെയും മകളെപ്പോലും ഒന്നു തൊടാതെ നേരെ മുറിയിലേക്ക് കയറുകയായിരുന്നു. ഇനി 14 ദിവസം ഇവിടെത്തന്നെയെന്നും അഞ്ജലി പറയുന്നു.
ആദ്യവിദേശയാത്രയായിരുന്നു തന്റേതെന്നും അഞ്ജലി പറയുന്നു. ചിത്രത്തില്‍ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഷൂട്ട് 90 ശതമാനവും കഴിഞ്ഞു. ഇനി ലേക്ഡൗണിനു ശേഷം തുടരും അഞ്ജലി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..