
-
നടിയും എം പിയുമായ സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ച വാർത്ത നമ്മൾ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ പൂർണമായും രോഗവിമുക്തയായിരിക്കുകയാണ് ഇപ്പോൾ അവർ. കോവിഡ് പിടിപെട്ടതുമുതലുള്ള അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് സുമലത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്.
സുമലതയുടെ വാക്കുകൾ
'അംബരീഷ് എപ്പോഴും പറയാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവും. നമ്മൾ അവയെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. എനിക്കും ഒരു പ്രതിസന്ധിയുണ്ടായി. അതിന്റെ പേരാണ് കോവിഡ് 19. എന്നാൽ ഞാനതിൽ നിന്നും പൂർണവിമുക്തി നേടി. ആരോഗ്യവതിയായാണ് ഇപ്പോൾ നിങ്ങൾക്കുമുന്നിലിരിക്കുന്നത്.
ജീവിതത്തിൽ ഞാനനുഭവിച്ചിട്ടുള്ള കഷ്ടതകൾ എടുത്തുനോക്കിയാൽ ഈ കോവിഡ് 19 ഒന്നുമല്ല. കോവിഡ് പരിശോധന ചെയ്യുമ്പോൾ വലിയ ടെൻഷനും കൺഫ്യൂഷനുമുണ്ടായി. കുടുംബം, ചുറ്റുപാട് എല്ലാവരുമെങ്ങനെയെടുക്കും എന്നതിനെക്കുറിച്ചെല്ലാം ആകുലതയുണ്ടായിരുന്നു.
പനി അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ ചെന്നു. പരിശോധനകളെല്ലാം കഴിഞ്ഞ് ഫലം വരുന്നതുവരെ സ്വന്തം വീട്ടിൽ ക്വാറന്റീനിലിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞതോടെ ഞാനുമായി സമ്പർക്കമുണ്ടായിട്ടുള്ളവരെയൊക്കെ അറിയിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് പത്രസമ്മേളനം വിളിച്ചതും ഏവരെയും സോഷ്യൽമീഡിയയിലൂടെ അറിയിച്ചതുമെല്ലാം ഏവരും അറിയണം എന്നുള്ളതുകൊണ്ടു തന്നെയാണ്. അതെന്റെ ചുമതലയാണെന്നു മനസ്സിലാക്കിയിട്ടാണ്.'
ആശുപത്രിയിൽ ഐസോലേഷൻ വാർഡിലായിരുന്നില്ല, വീട്ടിൽ തന്നെയാണ് ക്വാറന്റീലിരുന്നതെന്നും സുമലത പറയുന്നു. കൃത്യമായുള്ള ഭക്ഷണത്തിനും മരുന്നിനുമൊപ്പം യോഗ കൂടി ചെയ്തിരുന്നുവെന്നും സുമലത പറയുന്നു.
'എനിക്ക് കൊറോണ പോസിറ്റീവ് ആണെന്നറിഞ്ഞതുമുതൽ എനിക്കായി പൂജകളും വഴിപാടുകളും കഴിച്ചവരുണ്ട്. എന്റെ മകൻ എന്നെ നല്ലതുപോലെ ശുശ്രൂഷിച്ചിരുന്നു. അവനെ അവന്റെ ചെറുപ്പത്തിൽ ഞാൻ നോക്കിയതുപോലെ തന്നെ.' ഫോണിലൂടെ മാത്രമാണ് മകനുമായി സംസാരിച്ചിരുന്നതെന്നും സുമലത പറയുന്നു.
'കൊറോണയെ അനാവശ്യമായി ഭയക്കേണ്ടതില്ല. അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. കോവിഡ് പോസിറ്റീവ് ആയ വ്യക്തികളെ മാനസികമായി അകറ്റി നിർത്തരുത്. അവരോട് അനുകമ്പ കാട്ടണം.' ഈ മഹാമാരിയെ നേരിടാൻ ധൈര്യമാണ് അത്യാവശ്യഘടകമെന്നും സുമലത പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..