സിനിമാ നടിയായതിനുശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍, 'സ്റ്റാര്‍ ഫാമിലി' സ്‌പെഷ്യല്‍ ഏപ്രില്‍ ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.

Star And Style
ഏപ്രില്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

"സിനിമാനടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം അത്തരം ഇടങ്ങളില്‍ പോയി വന്നുകഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും പിന്നാലെ കോളുകള്‍ വരും. മോള്‍ക്ക് ഭയങ്കര ജാഡയാണല്ലേ, ഞങ്ങളോട് സംസാരിച്ചില്ല, ഇങ്ങനെ പെരുമാറിയില്ല എന്നൊക്കെ പറഞ്ഞിട്ട്. 

ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹഫോട്ടോകളില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. വിവാഹവീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ പയ്യന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാന്‍ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാള്‍ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.

അതിങ്ങനെയായിരുന്നു: 'കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയില്‍ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സില്‍ അഹങ്കാരം കുത്തിവെച്ചത് സ്വപ്നലോകത്ത് നില്‍ക്കുന്ന മാതാപിതാക്കളാണ്.' ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി.

അനശ്വരയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏപ്രില്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ വായിക്കാം 

Content Highlights : Anaswara Rajan Interview Star And Style family Movies