കുഞ്ഞിമാളുവിനെ മലയാളികള്‍ക്ക് മറക്കാനാകുമോ? എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര മലയാളികളുടെ മനസ്സിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടോ അത്രയും വലിയ നൊമ്പരവുമാണ് കുഞ്ഞിമാളു. ഈ കഥാപാത്രത്തെ തന്‍മയത്വത്തോടെ അവതരിപ്പിച്ച അംബികയാണ് യഥാര്‍ഥ താരം. 38 വര്‍ഷം കഴിഞ്ഞു നീലത്താമര പുറത്ത് വന്നിട്ട്, ആ പെണ്‍കുട്ടി വളര്‍ന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി. മലയാളം, തെലുങ്ക്, കന്നട, തമിഴ് ഭാഷകളില്‍ ഒരുപോലെ തിളങ്ങി. ചോറ്റാനിക്കര അമ്മ മുതല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് മേലെ നീണ്ട് കിടക്കുന്ന ഈ സിനിമാ ജീവിതത്തില്‍ അംബിക തനിക്ക് നഷ്ടമായിപ്പോയി എന്ന് കരുതുന്ന രണ്ട് സിനിമകളുണ്ട്. പഞ്ചാഗ്നിയും ചിത്രവും. ഈ രണ്ട് സിനിമകളും എന്നും തനിക്ക് വേദനയായിരുന്നുവെന്ന് അംബിക പറയുന്നു.

പഞ്ചാഗ്നിയില്‍ ഗീത ചെയ്ത വേഷം അഭിനയിക്കാന്‍ ഹരിഹരന്‍ സാര്‍ ആദ്യം വിളിച്ചത് എന്നെയായിരുന്നു. ഒരു കന്നട സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ നടക്കുന്ന സമയമായിരുന്നു അത്. ആ അവസരം തട്ടിപ്പോയി. ആദ്യ ഷെഡ്യൂളായിരുന്നുവെങ്കില്‍ ഞാന്‍ എങ്ങിനെയെങ്കിലും പഞ്ചാഗ്നിയില്‍ അഭിനയിച്ചേനെ. മറ്റൊന്ന് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ചിത്രം'. ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിലായത് കൊണ്ട് അതും ഒഴിവാക്കി. ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങിലായത് കൊണ്ട് ഒഴിവാക്കിയ ചിത്രമാണ് ലക്ഷ്മിക്ക് പുരസ്‌കാരം ലഭിച്ച സിരൈ എന്ന ചിത്രം-അംബിക പറഞ്ഞു.