കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമാതാരമാണ് അമല പോള്‍. അടുത്തിടെ, ലുങ്കി മടക്കിക്കുത്തി പുഴയ്ക്കു സമീപം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സദാചാരവാദികളും അല്ലാത്തവരുമായി നിരവധി പേരാണ് താരത്തെ പിന്തുണച്ചും അല്ലാതെയും രംഗത്തെത്തിയിരുന്നത്. 

ഇപ്പോഴിതാ പുക വലിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കു വെച്ചിരിക്കയാണ് താരം. വിമര്‍ശിക്കപ്പെടുമെന്ന് ഉറപ്പുള്ളതു കൊണ്ടായിരിക്കണം, നെഗറ്റീവ് പരിവേഷം പരത്താനല്ല എന്ന നിലയ്ക്കുള്ള ഒരു അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിനൊപ്പം താരം ഇങ്ങനെയെഴുതി. 'പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ല, ഹോളിവുഡ് ഫാനായ ഒരു പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നുവെന്നേയുള്ളൂ. ഏതൊരു സെലിബ്രിറ്റിക്കും അവര്‍ പുക വലിക്കുന്ന ഒരു ചിത്രമെങ്കിലും സ്വന്തമായുണ്ടാകാം. ഇതാ എന്റേത്.' അമലയെ ഇത്തരമൊരു ലുക്കില്‍ തീരെ പ്രതീക്ഷിച്ചില്ലെന്നും ശ്വാസകോശം സ്‌പോഞ്ച് പോലെയാകയാല്‍ സ്ലിമ്മായിരിക്കുന്ന അമല ഒന്നു കൂടി സ്‌പോഞ്ച് ആകുമെന്നും പുകവലി എത്രയും പെട്ടെന്നു നിര്‍ത്തണമെന്നുമെല്ലാം പോസ്റ്റിനു താഴെ ആരാധകരുടെ കമന്റുകളുണ്ട്. ഇപ്പോള്‍ സിനിമകള്‍ ഒന്നുമില്ലാത്തതിനാല്‍ പബ്ലിസിറ്റിക്കു വേണ്ടി കാട്ടിക്കൂട്ടുകയാണെന്നും വിമര്‍ശനങ്ങളുണ്ട്.

സന്യാസി വേഷത്തില്‍ പുക വലിച്ചുവെന്ന പേരില്‍ തമിഴ്-തെലുങ്ക് നടി ഹന്‍സികയും വിമര്‍ശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ്. മഹാ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററിലാണ് താരം പുക വലിച്ചു കൊണ്ട്  സിംഹാസനത്തില്‍ ഇരിക്കുന്നതായി പ്രത്യക്ഷപ്പെട്ടത്. മതവികാരങ്ങളെ വ്രണപ്പെടുത്താനൊന്നും പോസ്റ്റര്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും അറിയിച്ച് ചിത്രത്തിന്റെ സംവിധായകന്‍ യു ആര്‍ ജമീല്‍ ട്വീറ്റ് ചെയ്തിരുന്നു.

Content Highlights : actress Amala Paul smoking photo in instagram funny and criticising comments, amala paul instagram photo, amala paul films