ണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വന്‍ എന്ന ചിത്രത്തില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു. മണിരത്‌നം ചിത്രം താന്‍ ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയില്‍ അമല വെളിപ്പെടുത്തുകയുണ്ടായി. എല്ലാവര്‍ക്കും എല്ലാ സിനിമയിലും അഭിനയിക്കാനാകില്ലല്ലോയെന്ന് നടി പറഞ്ഞു. 

പൊന്നിയിന്‍ ശെല്‍വത്തിലെ റോളിനോട് തനിക്ക് നീതി പുലര്‍ത്താനാകുമെന്നു തോന്നിയില്ല. തന്നെക്കൊണ്ട് അഭിനയിപ്പിച്ച് കാണിക്കാന്‍ പറ്റാത്ത ഒരു റോള്‍ ഏറ്റെടുത്തിട്ട് വെറുതെ അനാവശ്യവിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടല്ലോയെന്നു തോന്നിയെന്നും നടി പറയുന്നു. എന്നാലും എന്നെങ്കിലും ഒരിക്കല്‍ മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാനാവുമെന്നാണ് കരുതുന്നതെന്നും അമല പറഞ്ഞു.

വിക്രം, ഐശ്വര്യറായ് ബച്ചന്‍, വിക്രം പ്രഭു, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും. 

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര്‍ റഹ്മാന്‍, ഛായാഗ്രഹണം- രവി വര്‍മന്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ- ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു.  2012-ല്‍ ഈ സിനിമയുടെ ജോലി മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. 

2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

Content Highlights : actress amala paul about rejecting manirathnam movie ponniyin selvan role