കൊച്ചി : കൊച്ചിയില്‍  അക്രമത്തിന് ഇരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി. കളമശ്ശേരി പോലീസ് എടുത്ത കേസാണ് റദ്ദാക്കിയത്.  തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഇപ്പോള്‍ ജസ്റ്റിസ് സുനില്‍ തോമസ് കേസ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അജു വര്‍ഗീസ് തന്റെ പേര് പരാമര്‍ശിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും അജുവിനെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അക്രമത്തിന് ഇരയായ നടി നല്‍കിയ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു .

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് അജു സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട ഒരു പോസ്റ്റാണ് വിവാദമായത്. ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു പറഞ്ഞിരുന്നു. പോസ്റ്റ് വിവാദമായതോടെ നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും തിരുത്തുന്നതായും വ്യക്തമാക്കി അജു ക്ഷമ ചോദിച്ചിരുന്നു. 

actress abduction case highcourt cancelled case against aju varghese