കൊച്ചി: താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് നിർമാതാക്കളുടെ സംഘടന. നിർമാണച്ചെലവ് പകുതിയായി കുറയാതെ പുതിയ സിനിമകൾ ചെയ്യില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം അ‌മ്മയും ഫെഫ്കയും ​ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അ‌സോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു.

ചെലവ് ​ചുരുക്കാതെ മുന്നോട്ടുപോകാനാകാവാത്ത അ‌വസ്ഥയാണുള്ളത്. 2019-ൽ തിയറ്ററിൽ റിലീസ് ചെയ്ത് ലാഭം നേടിയ ആറ് സിനിമകൾ മാത്രമാണുള്ളത്. ഓവർസീസും സാറ്റ​ലൈറ്റ് ​റൈറ്റും ഉൾപ്പെടെയുള്ള മറ്റ് ​റൈറ്റ്സ് കൊണ്ടാണ് പല സിനിമകളും പിടിച്ചുനിന്നത്. എന്നാൽ, ഇനി അ‌വ പ്രതീക്ഷിക്കാനാവില്ലെന്ന് മാത്രമല്ല, തിയറ്ററുകളിൽനിന്ന് മുമ്പത്തെ വരുമാനം ലഭിക്കില്ല.

നിർമാണച്ചെലവ് 50 ശതമാനം കുറച്ചാൽ മാത്രമേ ഇനി മുന്നോട്ടു പോകാനാവൂ എന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാവരുടെയും അ‌ഭിപ്രായം. ഇക്കാര്യം അ‌മ്മ, ഫെഫ്ക, തിയറ്റർ ഉടമകളുടെ സംഘടന തുടങ്ങിയവരുമായിട്ടെല്ലാം ചർച്ച ചെയ്യും. അ‌വർക്കും പ്രശ്നങ്ങൾ അ‌റിയാമെന്നതിനാൽ അ‌ഭിപ്രായസമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും വൻതുക പ്രതിഫലം വാങ്ങുന്ന ടെക്നീഷ്യൻമാരും ഉൾപ്പെടെ പ്രതിഫലം കുറയ്ക്കണം. എന്നാൽ, പ്രതിഫലം എത്ര ശതമാനം കുറയ്ക്ക​ണമെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യം സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും -രഞ്ജിത് വിശദമാക്കി.

Content Highlights: Actors should cut remuneration producers association