ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോടുള്ള ആരാധന മുന്‍പും തുറന്നു സമ്മതിച്ച നടനാണ് നിവിന്‍ പോളി. കേരള ഫുട്‌ബോള്‍ ക്ലബിന്റെ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി വന്നപ്പോള്‍ അത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും അഭിമാനിക്കുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ടീമിന് നല്ല പിന്തുണയാണ് നിവിന്‍ നല്‍ക്കുന്നതെന്ന് ടീമുടമ കൂടിയായ സച്ചിനും അന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. 'ഇതിഹാസത്തിന് ഒത്തിരി ഒത്തിരി സന്തോഷം നിറഞ്ഞ പിറന്നാളാശംസകള്‍. ഒരു തലമുറയുടെ തന്നെ പ്രചോദനമായതിന് നന്ദി. എല്ലാവിധ സന്തോഷവും വിജയവും നേരുന്നു. എക്കലവും നിങ്ങളുടെ ആരാധകന്‍' സച്ചിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് നിവിന്‍ ആശംസയെഴുതിയിരിക്കുന്നത്.

ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിജയം ആഘോഷിച്ച സിനിമയായ 1983-ലെ നായകനായിരുന്നു നിവിന്‍ പോളി. അതു കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ സച്ചിന്‍ ഒരു  അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയില്‍ നില്‍ക്കുന്ന ഫോട്ടോയാണ് നിവിന്‍ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ വ്യത്യസ്തമായ ആശംസകള്‍ നേര്‍ന്നിരിക്കുന്നത് നടന്‍ കുഞ്ചാക്കോ ബോബനാണ്. തന്റെ ആരാധനയെക്കാളും മകന്‍ ഇസഹാക്കാണ് ഇപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ആരാധകനെന്നാണ് കുഞ്ചാക്കോ പറയുന്നത്.

'ഇതിഹാസത്തിന് ആശംസകള്‍ നേരാന്‍ ഒരു ജൂനിയര്‍ എത്തുമ്പോള്‍. മാസ്റ്റര്‍ ബ്ലാസ്റ്ററിന് ജന്മദിനാശംസകള്‍'- കുഞ്ചാക്കോ ബോബൻ കുറിച്ചു.

Content Highlights: Actors Nivin Pauly and Kunchacko Boban wish happy birthday to cricketer Sachin Tendulkar