സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ വിഷ്ണു വിശാൽ. താൻ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണെന്നും വിഷ്ണു വിശാൽ പറയുന്നു.

'പൃഥ്വിരാജ് സർ, അയ്യപ്പനും കോശിയും സത്യസന്ധതയുടെയും നേരിന്റെയും വലിയ ഉദാഹരണമാണ്. എനിക്ക് താങ്കളെയും താങ്കളുടെ ടീമിനെയും വലിയ ഇഷ്ടമായി. താങ്കൾ ഇപ്പോൾ എവിടെയാണെങ്കിലും തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളുടെ ആരാധകനെന്ന നിലയിലും അഭ്യൂദയകാംക്ഷി എന്ന നിലയിലും ഞാൻ പറയുന്നു, താങ്കളെ ദെെവം അനു​ഗ്രഹിക്കട്ടെ'- വിഷ്ണു വിശാൽ കുറിച്ചു.

വിഷ്ണുവിന് പൃഥ്വി മറുപടിയും നൽകിയിട്ടുണ്ട്. വിഷ്ണുവിന് നന്ദി പറഞ്ഞ താരം രാക്ഷസൻ സിനിമ ഇഷ്ടപ്പെട്ടെന്നും ഇനിയും നല്ല ചിത്രങ്ങൾ വിഷ്ണുവിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നും മറുപടി നൽകി.

2020 ഫെബ്രുവരി 7 ന് പുറത്തിറങ്ങിയ അയ്യപ്പനും കോശിയും മികച്ച നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ ചിത്രമാണ്. ബിജു മോനോനും പൃഥ്വിരാജുമായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അയ്യപ്പൻ നായർ എന്ന പോലീസുകാരനായി ബിജു മേനോൻ എത്തിയപ്പോൾ കോശി എന്ന മുൻപട്ടാളക്കാരന്റെ വേഷമാണ് പൃഥ്വി അവതരിപ്പിച്ചത്. അയ്യപ്പനും കോശിയും തമ്മിലുള്ള വഴക്കും വാശിയുമാണ് ചിത്രത്തിന്റെ പ്രമേയം. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായി ജോർദാനിലാണ് പൃഥ്വിയിപ്പോൾ. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോർദ്ദാനിൽ നിന്ന് മടങ്ങിയെത്താൻ പൃഥ്വിയ്ക്കും സംഘത്തിനും കഴിഞ്ഞില്ല.

Content Highlights: actor Vishnu Vishal praises Ayyappanum Koshiyum Prithviraj sukumaran