തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. വിഷ്ണു തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ജ്വാലയുടെ ജന്മദിനത്തിലാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്.

"ജന്മദിനാശംസകൾ ജ്വാല, ജീവിതത്തിന് ഒരു പുതിയ തുടക്കം. പോസിറ്റീവായിരിക്കാം, നല്ലൊരു ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാം. നമുക്കും ആര്യനും, നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ചുറ്റുമുള്ളവർക്കുമായി...എല്ലാവരുടെയും അനു​ഗ്രഹം വേണം". ജ്വാലയെ വിവാഹ മോതിരം അണിയിച്ച ചിത്രം പങ്കുവച്ച് വിഷ്ണു കുറിച്ചു.

ഏറെ നാളായി ഇരുവരുടെയും പ്രണയം ​ഗോസിപ് കോളങ്ങളിലെ ചർച്ചാവിഷയമായിരുന്നു. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്.

രാക്ഷസൻ തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാൽ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

താനും ഭാര്യ രജനി നടരാജും ഒരു വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാൽ വ്യക്തമാക്കി. ഈ ബന്ധത്തിൽ വിഷ്ണുവിന് ഒരു മകനുണ്ട്, ആര്യൻ

വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ പ്രചരിച്ചു. നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു പ്രചരണങ്ങൾ. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി വിഷ്ണു രംഗത്ത് വരികയും ചെയ്തു.

പിന്നീടാണ് ജ്വാലയുമായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചത്, ജ്വാലയെ വർഷങ്ങളായി എനിക്കറിയാം. ''ഞങ്ങൾക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാൽ, ഈ അവസരത്തിൽ എനിക്ക് അത് പറയാനാകില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ട്''- വിഷ്ണു അഭ്യൂഹങ്ങളോട് പ്രതികരിച്ചതിങ്ങനെ

Content Highlights :Actor Vishnu Vishal gets engaged to Jwala Gutta pictures viral celebrity wedding