താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് തമിഴ്‌നടന്‍ വിശാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ അനീഷ അല്ലയാണ് വിശാലിന്റെ വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം അനീഷയാണ് ആദ്യം പുറം ലോകത്തെ അറിയിച്ചത്. ഓഗസ്റ്റില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ അനീഷയെ കടന്നാക്രമിക്കുകയാണ്. വിശാല്‍ പണത്തിന് വേണ്ടിയാണ് വിവാഹിതനാകുന്നതെന്നും, പണം കൊണ്ട് എന്തും വിലകൊടുത്ത് വാങ്ങാമെന്നും ഒരാള്‍ അനീഷയുടെ പോസ്റ്റിനു താഴെ കുറിച്ചു. ഇതിന് തക്ക മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അനീഷ.
പണത്തിന് വേണ്ടിയാണ് വിശാല്‍ എന്നെ സ്‌നേഹിച്ചതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം ആരാണെന്നതിനെ കുറിച്ച് നിങ്ങള്‍ക്കൊരു ധാരണയുമില്ല. ചിലപ്പോഴെങ്കിലും ഒരല്‍പ്പം വിശ്വാസം ജീവിതത്തില്‍ പുലര്‍ത്തൂ. ഇനിയും ഒരുപാട് ദൂരം പോകാനുള്ളതാണ്.- അനീഷ കുറിച്ചു.
നിങ്ങളാണ് ലോകത്തിലെ ഏറ്റവും മോശം ജോടി എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതിന് നന്ദിയായിരുന്നു അനീഷയുടെ മറുപടി.
അയോഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിശാഖപട്ടണത്ത് വച്ചാണ് വിശാല്‍ അനീഷയെ പരിചയപ്പെടുന്നത്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തില്‍ അനീഷ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
Content Highlights: actor vishal weds anish alla, troll says Vishal is marrying for money, wedding rumors, tamil cinema