തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്നു. ഹൈദ്രാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു എന്നാണ് തമിഴ് മാധ്യമമായ ദിനതന്തി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിവാഹവാര്‍ത്തയില്‍ ഇതേവരെ വിശാലിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.

നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വര്‍ഷങ്ങളായി താരം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷെ പിന്നീടും പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപെട്ടതോടെ വീണ്ടും ഇവരുടെ വിവാഹവാര്‍ത്ത സജീവമായി പ്രചരിക്കാന്‍ തുടങ്ങി. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു...എന്നാല്‍ ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ വിവാഹവാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് 

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റായ വിശാലിനെ അടുത്തിടെ കൗണ്‍സിലിനകത്തെ ആഭ്യന്തരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് സംഭവങ്ങള്‍ വിശാലിന്റെ അറസ്റ്റില്‍ കലാശിച്ചത് 

Content Highlights : Actor Vishal To Tie Knot With Hyderabad Girl Anisha Vishal Varalakshmi Breakup Vishal wedding