വിശാൽ | ഫോട്ടോ: മാതൃഭൂമി
തമിഴിലെ യുവതാരങ്ങളിൽ മുൻനിരയിലുള്ള നടനാണ് വിശാൽ. യാത്രകളും ജീവകാരുണ്യപ്രവർത്തനങ്ങളുമെല്ലാമായി സ്ക്രീനിന് പുറത്തും അദ്ദേഹം സജീവമാണ്. പോലീസ് വേഷത്തിലെത്തുന്ന ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി ഇനി വരാനിരിക്കുന്നത്. ഡാൻസിന്റേയും ആക്ഷന്റേയും കാര്യത്തിൽ ആരാധന തോന്നിയിട്ടുള്ള രണ്ട് താരങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിശാൽ.
അല്ലു അർജുനും ടൈഗർ ഷ്റോഫുമാണ് വിശാൽ ആരാധിക്കുന്ന ആ രണ്ട് താരങ്ങൾ. അല്ലു അർജുന്റെ ഡാൻസും ടൈഗർ ഷ്റോഫിന്റെ ആക്ഷനും കാണുമ്പോൾ താനെന്താണ് ചെയ്യുന്നതെന്നാലോചിച്ച് നാണിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ ഇക്കാര്യം പറഞ്ഞത്. അവർ ഇരുവരും നല്ല കലാകാരന്മാരാണ്. അതുകൊണ്ടാണ് പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചത്. ആയോധനകലയാണ് താനുമായി ഏറ്റവുമടുത്ത് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം.എ, എയ്റോബിക്സ് തുടങ്ങിയവ മാനസികാരോഗ്യത്തിനെ വളരെയധികം സഹായിക്കുമെന്നും വിശാൽ ചൂണ്ടിക്കാട്ടി.
ലാത്തിയുടെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ പലതവണ വിശാലിന് പരിക്കേറ്റിരുന്നു. അതേക്കുറിച്ച് താരം പറയുന്നതിങ്ങനെ. “എന്റെ ചിത്രങ്ങളിൽ ഞാൻ ഡ്യൂപ്പിനെ വെയ്ക്കാറില്ല. എന്റെ ആക്ഷൻ രംഗങ്ങൾ സ്വയം ചെയ്യാറാണ് പതിവ്. എനിക്കുവേണ്ടിയാണ് അത് ചെയ്യുന്നത്. ഞാൻ ചെയ്യാത്ത ഒരു കാര്യത്തിന് ജനങ്ങൾ നൽകുന്ന കയ്യടി എനിക്കാവശ്യമില്ല. ഈയിടെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ശരിക്കും വീണു. ബോഡി ഡബിൾ ചെയ്യിക്കാവുന്ന രംഗമായിരുന്നുവെങ്കിലും സ്വയം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.” വിശാൽ പറഞ്ഞു.
എ. വിനോദ് കുമാറാണ് ലാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പീറ്റർ ഹെയ്ൻ സംഘട്ടനസംവിധാനവും യുവൻ ശങ്കർ രാജ സംഗീതസംവിധാനവും നിർവഹിക്കുന്നു. റാണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രമണ, നന്ദ എന്നിവരാണ് ലാത്തി നിർമിച്ചിരിക്കുന്നത്.
Content Highlights: actor vishal about allu arjun's dance and tiger shroff's fight, laththi movie update
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..