കോരിച്ചൊരിയുന്ന മഴയില്‍ ട്രെയിനില്‍ കുട പിടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന വിനോദ് കോവൂരിനെ കണ്ട് ആദ്യം സോഷ്യല്‍മീഡിയ ഒന്ന് അമ്പരന്നു. ഇത് സത്യത്തില്‍ റോഡോ? ട്രെയിനോ? ട്രെയിന്‍ തന്നെയെന്നു പറഞ്ഞ് അതിലെ യാത്രക്കാരുടെ അവസ്ഥയെക്കുറിച്ച് വിനോദ് വിവരിച്ചു തുടങ്ങി. 

എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് നടന്‍ വിനോദ് കോവൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നത്. വൈകീട്ട് നാലുമണിക്ക് എറണാകുളത്തു നിന്നും പുറപ്പെട്ട് കുറച്ചു സമയം കഴിഞ്ഞതോടെ അതിശക്തിയായി മഴ പെയ്തു. മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു ലൈവ്. ചോര്‍ച്ച കലശലായതോടെ നനയാതിരിക്കാന്‍ കുട പിടിച്ചുകൊണ്ടാണ് വിനോദ് അടക്കമുള്ള യാത്രക്കാര്‍ യാത്ര ചെയ്തിരുന്നത്. 

പുറത്തും അകത്തും മഴയാണ്. കുറെ നേരമായി തലയില്‍ വെള്ളം വീണു കൊണ്ടിരിക്കുകയാണെന്നു മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തി. ജോലിക്കാരും വിദ്യാര്‍ഥികളുമായി, കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള ട്രെയിനിലാണ് ഈ അവസ്ഥയെന്നും വിനോദ് പറഞ്ഞു. കാശുകൊടുത്താണ് എല്ലാവരും യാത്ര ചെയ്യുന്നത്. മഴക്കാലത്തെ ഈ ദുരിതപൂര്‍ണമായ യാത്ര അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനാണ് താന്‍ വീഡിയോയില്‍ വന്നതെന്നും വിനോദ് പറഞ്ഞു.

റിസര്‍വേഷനില്ലാത്തതിനാല്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ആ കംപാര്‍ട്ട്‌മെന്റിലെ മിക്ക ഭാഗങ്ങളിലും ചോര്‍ച്ചയുണ്ടായിരുന്നു. കുറച്ചുനേരമൊക്കെ സഹിച്ചിരുന്ന യാത്രക്കാര്‍ മഴ കൂടിയപ്പോള്‍ മുറുമുറുത്തു തുടങ്ങി. അതുകണ്ട് കൈയില്‍ കുടയുമായി വിനോദ് ലൈവിന് ഒരുങ്ങുകയായിരുന്നു 

വീഡിയോ വൈറലായതോടെ സംഗതി വാര്‍ത്തയായി. ഏതാനും മണിക്കൂറുകള്‍ മുമ്പ് വിനോദ് വീണ്ടും ലൈവിലെത്തി. എറണാകുളത്തു നിന്നും തിരുവനന്തപുരത്തുമുള്ള റെയില്‍വെ അധികൃതര്‍ തന്നെ വിളിച്ചിരുന്നുവെന്നും പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഉടനടി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതായും വിനോദ് അറിയിച്ചു. ചില മാധ്യമങ്ങളില്‍ നിന്നും വിളികള്‍ വന്നിരുന്നു. കേസിനൊന്നും താനില്ലെന്നും പ്രശ്‌നം സമൂഹത്തിനു മുന്നിലും അധികൃതരുടെ കാതിലുമെത്തിക്കുക എന്നതു മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ വന്നാല്‍ ഉടനടി പ്രതികരിക്കണമെന്നും എന്നാലേ ഫലമുണ്ടാകൂ എന്നും നടന്‍ ഓര്‍മ്മപ്പെടുത്തി. നിരവധി പേരാണ് വിനോദിന്റെ സാമൂഹ്യപ്രതിബദ്ധതയെ പ്രശംസിച്ചു രംഗത്തു വന്നിരിക്കുന്നത്.

Content Highlights : actor vinod kovoor facebook live in intercity express train leakage in heavy rain