തിരക്കഥ ഇഷ്ടമായാല്‍ ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രം ഷട്ടര്‍ എന്ന ചിത്രത്തിലേതാണെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു. ജമേഷ് കോട്ടയ്ക്കല്‍ അവതാരകനായെത്തുന്ന ജമേഷ് ഷോയില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്. പൂനെ ഫിലിം ഇന്‍സ്റ്റ്യൂറ്റില്‍ നിന്ന് പഠിച്ചിറങ്ങിയ വിനയ് ഫോര്‍ട്ട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്  ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. 

'തിയേറ്റര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഒരു നടനെന്ന നിലയില്‍ എനിക്ക് സ്വയം അടയാളപ്പെടുത്താന്‍ കഴിഞ്ഞത്. സ്‌കൂള്‍, കോളേജ് കാലഘട്ടത്തില്‍ അതിന് സാധിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ അഭിനയത്തിന്റെ ലോകത്തെക്കുറിച്ച് അറിയുന്നത്. പഠനം എന്നെ സംബന്ധിച്ച് വലിയ ഭാരമായിരുന്നു. പതിനഞ്ച് വയസ്സിന് ശേഷമാണ് ജീവിതം എന്താണെന്ന് അറിഞ്ഞത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു അഭിനയമാണ് എന്റെ തട്ടകമെന്ന്.

ഡ്രിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തിയേറ്റര്‍ രംഗത്ത് എത്തുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു നടനെന്ന നിലയില്‍ എന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിച്ചു. ഒരുപാട് പ്രതിഭകള്‍ക്കൊപ്പം ഇടപഴകാന്‍ സാധിച്ചു. 

എനിക്ക് കൊമേര്‍ഷ്യല്‍ സിനിമയില്‍ ബ്രേക്ക് തന്നത് സിബി മലയില്‍ സാര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗമാണ്. പിന്നീട് ഷട്ടര്‍ എന്ന സിനിമ ചെയ്തു. പ്രേമത്തിലെ പ്രൊഫസറുടെ കഥാപാത്രം എനിക്ക് വ്യത്യസ്തമായ ഒരു പ്രതിഛായ സമ്മാനിച്ചു. ആദ്യമായാണ് ഞാന്‍ അത്തരത്തിലുള്ള ഒരു കോമഡി വേഷം ചെയ്യുന്നത്. എന്നാല്‍ പ്രേമത്തിന് ശേഷം എന്നെ അതേ സ്വഭാവമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ തേടിയെത്തി. അതിനെ മറികടന്നത് കിസ്മത്ത് എന്ന സിനിമയിലൂടെയാണ്. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു കിസ്മത്തിലേത്. എന്നാല്‍ കോമഡി ഞാന്‍ ചെയ്യില്ല എന്ന് ഒരിക്കലും പറയില്ല, അങ്ങനെ പറഞ്ഞാല്‍ പിന്നെ വീട്ടില്‍ ഇരിക്കേണ്ടി വരും. എനിക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട് അവന്‍ പട്ടിണിയിലാകും. കഥാപാത്രം മികച്ചതാണെങ്കില്‍ അതിനുവേണ്ടി അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്.

Content Highlights: actor vinay forrt interview jamesh show, vinay fort talks about his movies